Advertisement
World News
ഉക്രൈനില്‍ നിന്നും കൂട്ടത്തോടെ പലായനം ചെയ്ത് ജനങ്ങള്‍; ലക്ഷത്തിലധികം പേര്‍ രാജ്യം വിട്ടെന്ന് യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 26, 11:41 am
Saturday, 26th February 2022, 5:11 pm

ന്യൂയോര്‍ക്ക്: ഉക്രൈനില്‍ റഷ്യയുടെ ആക്രമണങ്ങള്‍ ശക്തിപ്രാപിച്ച് വരുന്നതിനിടെ ഉക്രൈനില്‍ നിന്നുള്ള പലായന ഒഴുക്ക് തുടരുന്നു.

ഉക്രൈനില്‍ നിന്നും ഇതിനോടകം 1,20,000 പേര്‍ രാജ്യം വിട്ടെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. എന്നാല്‍ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യന്‍ ആക്രമണം തുടരുകയാണെങ്കില്‍ വലിയരീതിയിലുള്ള കുടിയേറ്റ പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടേണ്ടി വരും എന്ന ആശങ്കയും യൂറോപ്പില്‍ ഉയരുന്നുണ്ട്.

അതേസമയം ഉക്രൈനില്‍ നിന്നും അനിയന്ത്രിതമായി ആളുകള്‍ പലായനം ചെയ്യുന്നതിനാല്‍ ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അയല്‍രാജ്യങ്ങളും.

ഏകദേശം പത്ത് ലക്ഷം കുടിയേറ്റക്കാര്‍ ഉക്രൈനില്‍ നിന്ന് വരും എന്നുള്ള കണക്കുകൂട്ടലില്‍ തയാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം പോളണ്ട് വ്യക്തമാക്കിയിരുന്നു. ഉക്രൈനുമൊത്ത് 530 കിലോമീറ്റര്‍ കര അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പോളണ്ട്.

പോളണ്ടിന് പുറമെ റൊമാനിയ, ചെക്ക് റിപബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളും കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്. 10 ലക്ഷം പേരെ വരെ ഉക്രൈനില്‍ നിന്നും സ്വീകരിക്കാന്‍ റൊമാനിയയും സ്ലൊവാക്യയും തയാറെടുപ്പ് നടത്തുന്നുണ്ട്.

ഏകദേശം 44 മില്യണ്‍ ജനങ്ങളാണ് ഉക്രൈനിലുള്ളത്. ഇതില്‍ ഒന്ന് മുതല്‍ അഞ്ച് മില്യണ്‍ (50 ലക്ഷം) ജനങ്ങള്‍ വരെ യുദ്ധം കാരണം രാജ്യത്ത് നിന്നും പലായനം ചെയ്യാം എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

2014ലെ റഷ്യയുടെ ക്രിമിയ അധിനിവേശത്തിന്റെ ഭാഗമായി ആഭ്യന്തര പലായനം ചെയ്യേണ്ടി വന്നത് 15 ലക്ഷത്തോളം ജനങ്ങളായിരുന്നു.


Content Highlight: Ukraine’s neighbors brace for millions of migrants as Russian invasion escalates