ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാഗ്വാദത്തിന് പിന്നാലെ യു.എസുമായി ധാതുക്കരാര്‍ ഒപ്പുവെക്കാന്‍ ഉക്രൈന്‍ ഇപ്പോഴും തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി.
കക്ഷികള്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയിലുള്ള കരാറില്‍ ഒപ്പുവെക്കുമെന്ന് ലണ്ടനില്‍ നടന്ന ഉച്ചകോടിക്ക് ശേഷം സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രൈനെ അമേരിക്ക സഹായിച്ചതിന് പ്രത്യുപകരമായി ഒപ്പുവെക്കാനിരുന്ന ഈ കരാര്‍ വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് ട്രംപുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒപ്പുവെച്ചിരുന്നില്ല.
‘മുന്‍പ് എങ്ങനെ ആയിരുന്നോ അത് തുടരുക എന്നതാണ് ഞങ്ങളുടെ നയം. ധാതുക്കരാറില്‍ ഒപ്പിടാന്‍ ഞങ്ങള്‍ സമ്മതിച്ചാല്‍ അതില്‍ ഒപ്പിടാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് തന്നെയാണ് അര്‍ത്ഥം,’ സെലന്‍സ്‌കി പറഞ്ഞു.
പ്രസ്തുത കരാറില്‍ ഒപ്പിട്ട് മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ അമേരിക്ക നല്‍കിയ പിന്തുണയ്ക്ക് കൂടുതല്‍ നന്ദിയുള്ളവനായിരിക്കാനാണ് ട്രംപ് ചര്‍ച്ചയ്ക്കിടയില്‍ സെലന്‍സ്‌കിയോട് പറഞ്ഞത്. അമേരിക്കയുടെ സഹായമില്ലായിരുന്നെങ്കില്‍ ഉക്രൈനെ റഷ്യ മുമ്പേ കീഴടക്കുമായിരുന്നുവെന്നും ട്രംപ് പറയുകയുണ്ടായി.
വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വാക്പോര് ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ട്രംപ് സെലന്‍സ്‌കിയോട് വൈറ്റ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും പിന്നാലെ യു.എസ് സംയുക്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് ഉക്രൈനെ അടുപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതോടെയാണ് ധാതു കരാറില്‍ ഒപ്പുവെക്കുന്നതില്‍ നിന്നും സെലന്‍സ്‌കി പിന്‍വാങ്ങിയത്. ട്രംപുമായുള്ള സന്ദര്‍ശന വേളയില്‍, യു.എസിന് ഉക്രൈനിലെ അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കരാറില്‍ സെലെന്‍സ്‌കി ഒപ്പുവെക്കുമെന്നും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിനെ തുടര്‍ന്ന് കരാര്‍ ഉപേക്ഷിക്കുകയായിരുന്നു.
‘നിങ്ങള്‍ മൂന്നാം ലോകമഹായുദ്ധം നടത്താന്‍ ശ്രമിക്കുകയാണ്, നിങ്ങള്‍ ചെയ്യുന്നത് നിങ്ങളെ പിന്തുണച്ച ഈ രാജ്യത്തോട് അനാദരവ് കാണിക്കുകയാണ്,’ ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞു.
അതേസമയം ഞായറാഴ്ച, യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആതിഥേയത്വം വഹിച്ച ഉച്ചകോടിയില്‍വെച്ച് ഉക്രൈന്റെ സഖ്യകക്ഷികള്‍ സെലന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ നിന്ന് ഉക്രൈന് നിരുപാധിക പിന്തുണ ലഭിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സ്റ്റാര്‍മര്‍ ഉക്രൈനിയന്‍ സേനയ്ക്ക് 2.8 ബില്യണ്‍ ഡോളറിന്റെ ഭീമമായ വായ്പയും അനുവദിച്ചു. യുദ്ധം ആരംഭിച്ചതുമുതല്‍ കീവിന് പിന്തുണ നല്‍കിയ യു.കെ സര്‍ക്കാരിനും ജനങ്ങള്‍ക്കും സെലന്‍സ്‌കിയും നന്ദി പ്രകടിപ്പിച്ചിരുന്നു.
Content Highlight: Ukraine ready to sign minerals deal with US says Zelensky