മുംബൈ: ദല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ
ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കെജ്‌രിവാളിന് പിന്തുണ നല്‍കി ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. താക്കറെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങളെ പാര്‍ലമെന്റില്‍ സഹായിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ ഈ ബില്ല് പാസായില്ലെങ്കില്‍ 2024ല്‍ മോദിക്ക് അധികാരത്തില്‍ തിരിച്ച് വരാന്‍ സാധിക്കില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.
ഈ രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാന്‍ തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്ന് താക്കറെയും പറഞ്ഞു.
‘രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഞങ്ങളെ പ്രതിപക്ഷ പാര്‍ട്ടികളെന്ന് വിളിക്കരുതെന്നാണ് എന്റെ അഭിപ്രായം. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരെ നില്‍ക്കുന്നവരായ കേന്ദ്ര സര്‍ക്കാരിനെയാണ് പ്രതിപക്ഷം എന്ന് വിളിക്കേണ്ടത്,’ അദ്ദേഹം പറഞ്ഞു.
മുംബൈയിലെ മതോശ്രീയിലുള്ള താക്കറെയുടെ വസതിയില്‍ വെച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ദല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ആം ആദ്മി രാജ്യസഭാംഗങ്ങളായ സഞ്ജയ് സിങ്, രാഘവ് ചദ്ദ, എന്നിവരും കെജ്‌രിവാളിനൊപ്പം താക്കറെയെ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ പിന്തുണ തേടിയിരുന്നു.
ഈ അവസരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്ന് പറഞ്ഞ മമത ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ബി.ജെ.പി ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ സുപ്രീം കോടതി വിധികളെ പോലും മാനിക്കുന്നില്ല. അവര്‍ ഭരണഘടനയെ മാറ്റിയേക്കുമെന്നും ഞങ്ങള്‍ ഭയക്കുന്നു. ബി.ജെ.പി ഈ രാജ്യത്തിന്റെ പേര് തന്നെ മാറ്റിയേക്കും. ഈ സര്‍ക്കാര്‍ ജനങ്ങളുടേതല്ല, ഏജന്‍സികളുടെ സ്വന്തം സര്‍ക്കാരായിരിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടി, ഏജന്‍സികളാല്‍, ഏജന്‍സികളില്‍ നിന്ന് രൂപപ്പെട്ടതാണ്,’ മമത പറഞ്ഞു.