Entertainment
എനിക്ക് അന്ന് അഭിനയിക്കാന്‍ താത്പര്യം ഇല്ലായിരുന്നുവെന്ന് ലാല്‍ അങ്കിള്‍ തെറ്റിദ്ധരിച്ചു: കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 08, 05:05 pm
Wednesday, 8th January 2025, 10:35 pm

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ എത്തിയ ചിത്രമാണ് ഗീതാഞ്ജലി. ഈ സിനിമയിലൂടെ നായികയായി എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. അതിന് മുമ്പ് പൈലറ്റ്‌സ് (2000), അച്ഛനെയാണെനിക്കിഷ്ടം (2001), കുബേരന്‍ (2002) എന്നീ സിനിമകളില്‍ ബാലതാരമായിട്ടായിരുന്നു കീര്‍ത്തി സുരേഷ് അഭിനയിച്ചത്.

തുടക്കത്തില്‍ കീര്‍ത്തിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ചെറിയ താത്പര്യകുറവ് ഉണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ലാല്‍ അങ്കിളിന്റെ ഗീതാഞ്ജലിയെന്ന സിനിമയിലൂടെയാണ് എന്റെ കരിയര്‍ ആരംഭിക്കുന്നത്. ഞാന്‍ എപ്പോഴും അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. എനിക്ക് മുമ്പേ തന്നെ സിനിമയോട് നല്ല പാഷനുണ്ടായിരുന്നു. എനിക്ക് എപ്പോഴും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

അച്ഛനോട് ഞാന്‍ എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ആദ്യം പഠിത്തം പൂര്‍ത്തിയാക്കാനാണ്. ഞാന്‍ പ്ലസ് ടു കഴിഞ്ഞതും വീണ്ടും അച്ഛനോട് ചെന്ന് സംസാരിച്ചിരുന്നു. അപ്പോള്‍ ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പറയുകയായിരുന്നു.

അങ്ങനെ കോളേജില്‍ മൂന്നാമത്തെ വര്‍ഷം പഠിക്കുമ്പോഴാണ് പ്രിയന്‍ അങ്കിള്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങണമെന്നും പറഞ്ഞു. അപ്പോള്‍ ഞാന്‍ എനിക്ക് എന്റെ പഠിത്തം പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞു.

അങ്കിള്‍ പെട്ടെന്ന് പ്രതീക്ഷിക്കാതെ പറഞ്ഞത് കാരണം എങ്ങനെ അഭിനയിക്കുമെന്ന് ഞാന്‍ സംശയിച്ചിരുന്നു. അതുകൊണ്ടാകും ലാല്‍ അങ്കിള്‍ എനിക്ക് തുടക്കത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു എന്ന് കരുതിയത്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh Talks About Mohanlal And Her First Cinema