അന്ന് സിനിമ കണ്ട് ശ്യാം സാര്‍ വിളിച്ച് നന്നായി അഭിനയിച്ചെന്ന് പറഞ്ഞു; 13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആ കോള്‍: ആസിഫ്
Entertainment
അന്ന് സിനിമ കണ്ട് ശ്യാം സാര്‍ വിളിച്ച് നന്നായി അഭിനയിച്ചെന്ന് പറഞ്ഞു; 13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആ കോള്‍: ആസിഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th January 2025, 9:53 pm

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. എന്നാല്‍ ഋതുവിന് ശേഷം ശ്യാമപ്രസാദും ആസിഫ് അലിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടില്ല.

എന്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം മറ്റൊരു സിനിമ ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ്. ഋതുവിന് ശേഷം കുറ്റവും ശിക്ഷയും എന്ന സിനിമ കണ്ടാണ് ആദ്യമായിട്ട് അദ്ദേഹം തന്നെ വിളിച്ച് ‘നന്നായി അഭിനയിച്ചു’ എന്ന് പറയുന്നതെന്നാണ് നടന്‍ പറയുന്നത്. മാധ്യമം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘അത് ശരിക്കും ശ്യാം സാറിനോട് തന്നെ ചോദിക്കണം. പിന്നെ ശ്യാം സാറിന്റെ ഒരു ആറ്റിറ്റിയൂഡും അങ്ങനെയാണ്. അദ്ദേഹം അങ്ങനെ ഗോഡ്ഫാദറായിട്ടൊന്നും നില്‍ക്കുന്ന ആളല്ല. ഋതു എന്ന സിനിമക്ക് വേണ്ടി എന്നെ സെലക്ട് ചെയ്തു. ആ സിനിമ ചെയ്തു, കഴിഞ്ഞു.

അതിനുശേഷം കുറ്റവും ശിക്ഷയും എന്ന സിനിമ കണ്ടാണ് ആദ്യമായിട്ട് എന്നെ വിളിച്ച് ‘നന്നായി അഭിനയിച്ചു’ എന്ന് പറയുന്നത്. അതിന് ഏകദേശം ഒരു പന്ത്രണ്ട്, പതിമൂന്ന് വര്‍ഷത്തോളം സമയമെടുത്തു. അതിന് ഞാന്‍ വളരെ എക്‌സൈറ്റ്‌മെന്റില്‍ മറുപടി പറയുകയും ചെയ്തു. ‘സാറ് ആദ്യമായിട്ടാണ് എന്നെ വിളിച്ചു പറയുന്നത്’ എന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍ സാര്‍ പറഞ്ഞത് ‘ഞാന്‍ നിന്റെ സിനിമകള്‍ കാണാറുണ്ട്. നിന്നെ ശ്രദ്ധിക്കാറുമുണ്ട്. പക്ഷേ വിളിക്കണമെന്ന് തോന്നിയത് ഇപ്പോഴാണ്’ എന്നായിരുന്നു. അതിനുശേഷം അദ്ദേഹമൊത്തുള്ള ഒരു സിനിമയുടെ സംസാരം ഇങ്ങനെ നടക്കുന്നുണ്ട്. പക്ഷേ, ശ്യാം സാര്‍ തന്നെ പറയണം അത് എപ്പോഴാണെന്ന്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About Shyamaprasad And Kuttavum Shikshayum