തിരുവനന്തപുരം: കേരളത്തില്‍ നികുതി ഭീകരത നടപ്പാക്കുന്ന മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്നും വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് യു.ഡി.എഫ് നടത്തുന്ന സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്ക് പോലും നല്‍കില്ല. ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
രൂക്ഷമായി വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങളുടെ തലയില്‍ ആയിരക്കണത്തിന് കോടി രൂപയുടെ നികുതി ഭാരം കെട്ടിവെക്കുകയാണ്. സര്‍ക്കാരിനെ യു.ഡി.എഫ് പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യും. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്,’ സതീശന്‍ പറഞ്ഞു.
ട്രോളുകളുമായി ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തി. പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്നും സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
‘വന്ദന കേസും താനൂര്‍ ബോട്ടപകടവും ഇതിന് തെളിവാണ്. ‘അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍’ എന്ന ട്രോള്‍ കണ്ടു. എത്ര മാത്രം രസകരവും അതേസമയം സത്യവുമായ കാര്യമാണിത്. പിണറായി ഖജനാവ് ചാമ്പുകയാണ്.
എല്ലായിപ്പോഴും യു.ഡി.എഫ് സമാധാനത്തോടെ സമരം ചെയ്‌തെന്ന് വരില്ല. പ്രകോപിതരാകുന്ന ജനതയുടെ മുന്നില്‍ അത്തരമൊരു സമരത്തിന് നേതൃത്വം കൊടുക്കാനും, വേണമെങ്കില്‍ ക്രമസമാധാനം തകര്‍ക്കാനും ഏതറ്റം വരെ പോകാനും യു.ഡി.എഫിന് മടിയില്ല. അഴിമതിക്കാരെയും വര്‍ഗീയവാദികളെയും യു.ഡി.എഫ് നിലക്ക് നിര്‍ത്തും,’ സുധാകരന്‍ പറഞ്ഞു.
എ.ഐ ക്യാമറ വിവാദത്തില്‍ വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ ഇടേണ്ടതാണെന്നും മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികളാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.