Film News
പുഴുവിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; ടോട്ടല്‍ കണ്‍ഫ്യൂഷനില്‍ സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 09, 01:02 pm
Wednesday, 9th February 2022, 6:32 pm

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമൊയന്നിക്കുന്ന പുഴുവിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ നിരവധി സംശയങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മമ്മൂട്ടി അല്പം നെഗറ്റീവ് ഷേഡിലെത്തിയ ടീസര്‍ ചര്‍ച്ചയായിരുന്നു. ഇതോടെ മമ്മൂട്ടിയുടെ കഥാപത്രത്തെ പറ്റി നിരവധി ഊഹാപോഹങ്ങളാണ് ഉയര്‍ന്നത്. പീഡോഫീല്‍, ടോക്‌സിക് പേരന്റ് എന്നിങ്ങനെ രണ്ട് സാധ്യതകളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ എങ്ങനെ പീഡോഫീല്‍ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തുന്നു എന്ന സൂചനയും ടീസര്‍ നല്‍കിയിരുന്നു.

പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് ചിത്രത്തെ പറ്റി മമ്മൂട്ടി പറഞ്ഞിരുന്നത്

നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.

രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്.


Content Highlight: u certificate for puzhu movie became a discussion in social media