ന്യൂദല്‍ഹി: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനപരമായ പരിഹാരം വേണമെങ്കില്‍ ദ്വിരാഷ്ട്രം നിലവില്‍ വരണമെന്ന് ഇന്ത്യയിലെ ലെബനന്‍ അംബാസിഡര്‍ റാബി നര്‍ഷ്. ഇരു രാജ്യങ്ങളുടെയും വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ലെബനനും ഇസ്രഈലിന്റെ ആക്രമണത്തിന് ഇരയായെന്നും ഇസ്രഈല്‍ ഒരു ഭീഷണിയാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും റാബി നര്‍ഷ് പറഞ്ഞു.
നിലവിലെ സംഘര്‍ഷത്തിലേക്ക് ഹിസ്ബുള്ളയും പൂര്‍ണമായി ചേര്‍ന്നാല്‍ യുദ്ധത്തിന്റെ തീവ്രതയും വ്യാപ്തിയും കൂടാന്‍ സാധ്യതയുണ്ടെന്ന് റാബി ചൂണ്ടിക്കാട്ടി. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി തന്റെ സര്‍ക്കാര്‍ സംഘര്‍ഷത്തില്‍ നിന്ന് പരമാവധി മാറിനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയും വംശീയ ഉന്മൂലനവുമാണെന്നും ഫലസ്തീനികളുടെ പരിതാപകരമായ അവസ്ഥ എല്ലാ സിറിയക്കാരനെയും ലെബനനെയും ഓരോ അറബിയേയും വേദനിപ്പിക്കുമെന്നും റാബി നര്‍ഷ് എ.എന്‍.ഐയോട് പറഞ്ഞു.
ഇസ്രഈലിന് യുദ്ധത്തില്‍ വ്യക്തമായ താല്‍പര്യമുണ്ടെന്നും അതിനാലാണ് ഹിസ്ബുള്ളയെ അവര്‍ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെക്കന്‍ ലെബനനിലെ വീടുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയതാണ് ഹിസ്ബുള്ളയെ പ്രകോപിപ്പിക്കാന്‍ കാരണമായതെന്നും ഇസ്രഈലിന്റെ ഇത്തരത്തിലുള്ള ഭ്രാന്ത് എന്നന്നേക്കുമായി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും സമാധാനത്തിനായി ഇന്ത്യ നല്‍കുന്ന സംഭാവനകളില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അക്കാര്യത്തില്‍ ലെബനന്‍ സര്‍ക്കാര്‍ ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്നും റാബി നര്‍ഷ് പറഞ്ഞു.
Content Highlight: Two states should be formed for peace in West Asia: Lebanon Ambassador