കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അടുത്ത സീസണ്‍ മുതല്‍ പത്ത് ടീമുകള്‍ കളിക്കും. ഐ ലീഗ് ടീമായ ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥരായ ജെ.എസ്.ഡബ്ല്യുവിന്റെയും ടാറ്റയുടെയും ടീമുകളാണ് ഐ.എസ്.എല്ലില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നത്. ടാറ്റ സ്റ്റീല്‍സ് ജംഷഡ്പൂര്‍ ആസ്ഥാനമാക്കിയും ജെ.എസ്.ഡബ്ല്യു ബെംഗളൂരു ആസ്ഥാനമാക്കിയുമാകും പ്രവര്‍ത്തിക്കുക.
ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമാകുന്നതോടെ ഐലീഗില്‍ നിന്ന് പിന്മാറാനാണ് സാധ്യത. ഇതോടെ ഐലീഗിന്റെ നിറം മങ്ങാന്‍ സാധ്യതയുണ്ട്. എങ്കിലും ഐലീഗും ഐ.എസ്.എല്ലും സമാന്തരമായി നടത്താനും തത്സമയ ടെലികാസ്റ്റ് നടത്താനും എ.ഐ.എഫ്.എഫ് തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മികച്ച അക്കാദമിയുള്ള ടാറ്റയുടെ ഐ.എസ്.എല്ലിലേക്കുള്ള വരവ് ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണം ചെയ്യും.
എന്നാല്‍ ഐ ലീഗ് കിരീടം നേടിയിട്ടും ഐസ്വാള്‍ എഫ്.സിയ്ക്ക് ഐ.എസ്.എല്ലിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ വിഷമമായിരിക്കും. നേരത്തെ രണ്ട് ലീഗും ഒരുമിപ്പിക്കുന്നതോടെ ഐ ലീഗ് രണ്ടാം നിര ടൂര്‍ണമെന്റാകുമെന്ന് വ്യക്തമായപ്പോള്‍ ചാമ്പ്യന്മാരായ തങ്ങളെ രണ്ടാം തരക്കാരാക്കി പുറന്തള്ളരുതെന്ന് ഐസ്വാള്‍ എഫ്.സി അധികൃതര്‍ക്ക് കത്തയച്ചിരുന്നു.
അതേസമയം തിരുവനന്തപുരം ആസ്ഥനമാക്കി കേരളത്തില്‍ നിന്ന് ടീം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. നിലവില്‍ കേരളത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ കളിക്കുന്നുണ്ട്
ഐലീഗ് ടീമുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ലേലത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പുതിയ ടീമുകളുടെ എണ്ണം രണ്ടില്‍ ഒതുങ്ങിയത്. കഴിഞ്ഞ ദിവസം ഐ.എസ്.എല്ലിന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എ.എഫ്.സി അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഐ.എസ്.എല്‍ വിജയികള്‍ക്ക് എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്യും.