ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിട്ട ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കും രണ്ടാം പന്ത് നേരിട്ട വൈസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും സിംഗിള്‍ നേടി രണ്ട് റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.
മൂന്നാം പന്തില്‍ മക്ഗൂര്‍ക്കിനെ മടക്കി താക്കൂര്‍ വേട്ട ആരംഭിച്ചു. പവര്‍പ്ലേ ഓവറുകളില്‍ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരത്തെ ആയുഷ് ബദോണിയുടെ കൈകളിലെത്തിച്ചാണ് താക്കൂര്‍ മടക്കിയത്. വമ്പനടിക്ക് ശ്രമിച്ച മക്ഗൂര്‍ക്കിന് പിഴയ്ക്കുകയും ബൗണ്ടറി ലൈനിന് സമീപം ബദോണിയുടെ കൈകളിലൊതുങ്ങുകയുമായിരുന്നു.
വിക്കറ്റ് കീപ്പര്‍ അഭിഷേക് പോരലാണ് ശേഷം ക്രീസിലെത്തിയത്. ഒരു മികച്ച യോര്‍ക്കര്‍ ഡെലിവെറിയിലൂടെയാണ് താക്കൂര്‍ പോരലിനെ സ്വാഗതം ചെയ്തത്. ആ പന്തില്‍ ഡിഫന്‍സീവ് ഷോട്ട് കളിച്ച് ദല്‍ഹി വിക്കറ്റ് കീപ്പര്‍ മറ്റൊരു പന്തിലേക്ക് കൂടി തന്റെ ആയുസ്സ് നീട്ടിയെടുത്തു.
എന്നാല്‍ തൊട്ടടുത്ത പന്തില്‍ താക്കൂര്‍ പോരലിനെ മടക്കി. യുവതാരത്തെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് സില്‍വര്‍ ഡക്കാക്കി മടക്കിയ താക്കൂര്‍ ഹോം ടീമിന്റെ നെറുകില്‍ രണ്ടാം പ്രഹരവുമേല്‍പ്പിച്ചു.
ഐ.പി.എല്‍ മെഗാ താരലേലത്തില്‍ തന്നെ ടീമിലെത്തിക്കാന്‍ ശ്രമിക്കാതിരുന്ന ഓരോ ടീമിനുമുള്ള മറുപടി കൂടിയാണ് താരം നല്‍കിയത്. താരലേലത്തില്‍ താരം അണ്‍ സോള്‍ഡായിരുന്നു. ലഖ്‌നൗ നിരയില്‍ മൊഹ്‌സീന്‍ ഖാന്‍ പരിക്കേറ്റ് പുറത്തായതോടെ റീപ്ലേസ്‌മെന്റായാണ് താക്കൂര്‍ എകാന സ്‌പോര്‍ട്‌സ് സിറ്റിയുടെ ഭാഗമായത്.
ടീമിലെത്തിയ ആദ്യ മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഇരട്ട വിക്കറ്റ് നേടി തന്നെ ടീമിലെത്തിച്ച തീരുമാനം ശരിയായെന്ന് മാനേജ്‌മെന്റിന് കാണിച്ചുകൊടുക്കുകയായിരുന്നു താക്കൂര്‍.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് വിജയത്തിനായി പൊരുതുകയാണ്. 210 റണ്‍സാണ് ആദ്യ വിജയത്തിന് ക്യാപ്പിറ്റല്‍സ് നേടേണ്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. നിക്കോളാസ് പൂരന്റെയും മിച്ചല്‍ മാര്‍ഷിന്റെയും വെടിക്കെട്ടിന്റെ കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച സ്‌കോര്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 എന്ന നിലയിലാണ്. 17 പന്തില്‍ 17 റണ്‍സുമായി അശുതോഷ് ശര്‍മയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി വിപ്രജ് നിഗവുമാണ് ക്രീസില്‍.
Content Highlight: IPL 2025: DC vs LSG: Shardul Thakur picks 2 wickets in 1st over