ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ജെ.എന്‍.യു ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വികാസ് ഷെരാവത്ത്, രാജകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ഇവര്‍ ഭീഷണി മുഴക്കിയത്.
ഇതില്‍ വികാസ് ഷെരാവത്തിനെതിരെ നേരത്തെയും പൊലീസ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. ദല്‍ഹി കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനുമാണ് ഇയാളെ നേരത്തെ പൊലീസ് പിടികൂടിയത്.
2018 മുതല്‍ താന്‍ വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. രാജകുമാറിന്റെ ഫോണില്‍ നിന്നാണ് ഭീഷണി വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് ജെ.എന്‍.യുവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
” വസന്തകുഞ്ച് (നോര്‍ത്ത്) പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.51 ന് ഒരു ജെ.എന്‍.യു വിദ്യാര്‍ത്ഥിയുടെ പി.സി.ആര്‍ കോള്‍ വന്നു, യൂണിവേഴ്‌സിറ്റി ആക്രമിക്കപ്പെടുമെന്ന് ആരോപിച്ച് മഹാകാള്‍ യൂത്ത് ബ്രിഗേഡ് എന്ന ഫേസ്ബുക്ക് പേജില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഫോണ്‍ ചെയ്ത വിദ്യാര്‍ത്ഥി പറഞ്ഞു,” ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇന്‍ഗിത് പ്രതാപ് സിംഗ് പറഞ്ഞു.
ഇതിന് പിന്നാലെ പൊലീസ് നടപടിയെടുക്കുകയായിരുന്നു.
153 എ, 295 എ, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഐ.പി.സി 506 ഉം ചുമത്തിയുണ്ട്.