ഐ.പി.എല്ലിന്റെ ആവേശം ആവാഹിച്ചെടുത്ത മത്സരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം. ഇരു ടീമിന്റേയും ആരാധകരെ തൃപ്തിപ്പെടുത്തുന്ന മത്സരമായിരുന്നു രണ്ട് ടീമും കാഴ്ചവെച്ചത്.
എന്നാല്‍, ആ മത്സരം കാണുമ്പോള്‍ ഏറെ സന്തോഷിച്ചത് ആര്‍.സി.ബി ആരാധകര്‍ തന്നെയാണ് എന്ന കാര്യത്തില്‍ ഒരു സംശവും വേണ്ട. അത് കേവലം മത്സരം ജയിച്ചതുകൊണ്ടുമാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ട കിംഗ് കോഹ്‌ലി വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നതോടെയാണ് ആരാധകര്‍ ആവേശത്തിലായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ 6 വിക്കറ്റിന് 181 റണ്‍സായിരുന്നു എടുത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിന്റെ അപരാജിത പ്രകടനമാണ് ബെംഗളൂരുവിന് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്.
മാര്‍കസ് സ്റ്റോയിന്‍സിന്റെ പന്തില്‍ ജേസന്‍ ഹോള്‍ഡറിന് ക്യാച്ച് നല്‍കി പുറത്താവുമ്പോള്‍ സെഞ്ച്വറിയില്‍ നിന്നും നാല് റണ്‍സ് മാത്രം അകലെയായിരുന്നു ഫാഫ്. 64 പന്തില്‍ നിന്നുമാണ് താരം 96 റണ്‍സടിച്ചത്.
മികച്ച പ്രകടനത്തിന് ശേഷം അല്‍പം വിശ്രമിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിരാട് വീണ്ടും ക്യാപ്റ്റന്റെ റോളിലെത്തിയത്.
ഇതോടെ ആരാധകര്‍ വീണ്ടും ആവേശത്തിരയേറുകയായിരുന്നു.
എന്നാല്‍ ലഖ്‌നൗ ഇന്നിംഗ്‌സിലെ കേവലം ഏഴ് പന്തുകള്‍ക്ക് ശേഷം ഫാഫ് വീണ്ടും മൈതാനത്തെത്തി. ആദ്യ ഏഴ് പന്തില്‍ ആര്‍.സി.ബിയെ നയിച്ച വിരാട് ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വീണ്ടും പടിയറങ്ങുകയായിരുന്നു.
മൈതാനത്ത് വെച്ച് ആദ്യ രണ്ട് ഓവര്‍ ചെയ്ത മുഹമ്മദ് സിറാജിനേയും മാക്‌സ്‌വെല്ലിനേയും മോട്ടിവേറ്റ് ചെയ്യുന്ന വിരാടിനെ കണ്ടപ്പോള്‍ ആര്‍.സി.ബിയുടെ പഴയകാലമായിരുന്നു ആരാധകര്‍ കണ്ണിന് മുമ്പില്‍ കണ്ടത്.
‘വിരാട് കോഹ്‌ലി സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍’ എന്ന് ഗ്യാലറിയിലെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലായിരുന്നു. ഈ ആവേശം തന്നെയായിരുന്നു ട്വിറ്ററില്‍ കൊടുങ്കാറ്റായത്.
ആയുഷ് ബദോനിയടക്കമുള്ള എണ്ണം പറഞ്ഞ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയായിരുന്നു ഹേസല്‍വുഡ് ആറാടിയത്. ഇരുവരുടേയും പ്രകടനത്തിന്റെ മികവില്‍ ബെംഗളൂരു 18 റണ്‍സിന് ജയിക്കുകയും ചെയ്തിരുന്നു.