ന്യൂദല്‍ഹി: ഹിന്ദുത്വയുടെ അപകടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്ന്
മഹാത്മാ ഗാന്ധിയുടെ ചെറുമകനും സാമൂഹികപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി.
ഇന്ന് ഇന്ത്യ നേരിടുന്ന വലിയൊരു പ്രശ്‌നം ജനാധിപത്യത്തെക്കുറിച്ച് പൊതുസമൂഹത്തിന് നല്‍കപ്പെടുന്ന വ്യാജ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുഷാര്‍ ഗാന്ധിയുടെ പ്രതികരണം.
വിമര്‍ശനങ്ങള്‍ ദേശദ്രോഹമാകുന്ന ജനാധിപത്യം മറന്നുപോയ ആളുകളായി നമ്മള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണകൂടത്തെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് ദേശദ്രോഹമാവുന്നത്? ശകതനായ നേതാവിനോടുള്ള അഭിനിവേശമാണ് ഇന്നിപ്പോള്‍ ഇന്ത്യ കാണുന്നത്. വാസ്തവത്തില്‍ ശക്തമായ നേതൃത്വമുണ്ടാവുന്നത് കരുണയും സ്‌നേഹവും സഹാനുഭൂതിയുമുണ്ടാവുമ്പോഴാണ്,’ തുഷാര്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ സുപ്രധാന സ്ഥാപനങ്ങളല്ലാം തന്നെ ധാര്‍മികമായ അപചയത്തിന് വിധേയമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വയുടെ അപകടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലെ പരാജയത്തിലെ മുഖ്യപങ്ക് കോണ്‍ഗ്രസിനാണ്. കാരണം അവരാണ് മുഖ്യപ്രതിപക്ഷം. ഇന്നിപ്പോള്‍ നമുക്ക് ജനാധിപത്യത്തിനായി നിലകൊള്ളുന്ന പാര്‍ട്ടികളില്ല. നമുക്കുള്ളത് അധികാരത്തിനായി മാത്രം നിലക്കൊള്ളുന്ന പാര്‍ട്ടികളാണ്. ഇവിടെയാണ് നമ്മള്‍ നേരത്തെ പറഞ്ഞ ധാര്‍മിക അപചയം നമ്മളെ തുറിച്ചുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജി മുന്നോട്ടുവെച്ച സനാതന ഹിന്ദു ധര്‍മവും ഇന്നത്തെ ഭരണകൂടം ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ ജനങ്ങള്‍ക്കാവുന്നില്ല. ഹിന്ദുയിസവും ഹിന്ദുത്വയും രണ്ടാണ്.
ഹിന്ദുയിസത്തിന്റെ രാഷ്ട്രീയവത്കരിക്കപ്പെട്ട, മലീമസമായ രൂപമാണ് ഹിന്ദുത്വയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളില്‍ നിന്ന് വളരെ നല്ല പ്രതികരണം കിട്ടുന്നുണ്ട്. പക്ഷേ, ഈ യാത്ര സൃഷ്ടിക്കുന്ന ഉണര്‍വും ആവേശവും നിലനിര്‍ത്താനോ അതൊരു വോട്ട് ബാങ്കാക്കി മാറ്റാനോയുള്ള പദ്ധതികളും തന്ത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടെന്ന് കരുതുന്നില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.