ടർബോയുടെ ടൈറ്റിൽ കാർഡ് ഉപയോഗിച്ചു; റിവ്യൂവറിനെതിരെ പകർപ്പവകാശ കേസുമായി മമ്മൂട്ടി കമ്പനി
Entertainment
ടർബോയുടെ ടൈറ്റിൽ കാർഡ് ഉപയോഗിച്ചു; റിവ്യൂവറിനെതിരെ പകർപ്പവകാശ കേസുമായി മമ്മൂട്ടി കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th May 2024, 2:09 pm

ടർബോ സിനിമയുടെ ടൈറ്റിൽ കാർഡ് ഉപയോഗിച്ച പ്രമുഖ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പകർപ്പവകാശ ലംഘനവുമായി മമ്മൂട്ടി കമ്പനി.

ചിത്രത്തിന്റെ റിവ്യൂ വീഡിയോയിൽ യൂട്യൂബർ ഉപയോഗിച്ച തമ്പ്നെയ്ൽ ടർബോ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു. ഇതിനെതിരെയാണ് കോപ്പി റൈറ്റ് ലഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്. പിന്നാലെ അശ്വന്ത് കോക്ക് യൂട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്യുകയും തമ്പ്നെയ്ൽ മാറ്റി അതേ വീഡിയോ തന്നെ വീണ്ടും അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.

 

സീറോ തമ്പ്നെയ്ൽ ഫോർ മമ്മൂട്ടി കമ്പനി എന്ന അടിക്കുറിപ്പോടെയായിരുന്നു യൂട്യൂബർ അടുത്ത വീഡിയോ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്തത്.

ആദ്യമായാണ് മമ്മൂട്ടി കമ്പനി ഇത്തരത്തിൽ ഒരു നടപടി എടുക്കുന്നത്. സംഭവത്തെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് കമന്റ്‌ ബോക്സിൽ പ്രേക്ഷകർ പങ്കുവെക്കുന്നത്.

 

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ടർബോ റിലീസായത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഒരു മാസ് ആക്ഷൻ എന്റർടൈനറാണ്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടർബോ.

രാജ്.ബി.ഷെട്ടി, സുനിൽ എന്നീ അന്യഭാഷ താരങ്ങളും അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

Content Highlight: Turbo’s title card was used; Mammootty company files copyright case against reviewer