ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കമിടിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ടണലിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളില്‍ നാല് പേര്‍ ജാര്‍ഖണ്ഡ് സ്വദേശികള്‍. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ നിന്നുള്ളവരാണ് തുരങ്കത്തിനുളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നതായാണ് വിവരം.
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ സാധ്യമായ എല്ലാം സഹായവും ഉറപ്പാക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.
ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തയ്യാറാണെന്നും ഹേമന്ത് സോറന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് പറഞ്ഞു. സംസ്ഥാന തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്.എട്ട് പേരാണ് അപകടത്തെ തുടര്‍ന്ന് തണലില്‍ കുടുങ്ങിക്കിടക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ ദോമലപെന്റയ്ക്കടുത്തുള്ള തുരങ്കമാണ് ഇടിഞ്ഞത്. അഞ്ച് ദിവസം മുമ്പാണ് തുരങ്കത്തില്‍ പണികള്‍ ആരംഭിച്ചത്. തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ മൂന്ന് മീറ്ററോളം ഇടിഞ്ഞുവീണതായാണ് വിവരം.
ടണലിന്റെ പുറത്ത് നിന്ന് 14 കിലോമീറ്റര്‍ ഉള്ളിലായാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം നിലവില്‍ അവസാന ഘട്ടത്തിലെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘം അപകടസ്ഥലത്തെത്തി തൊഴിലാളികളുടെ പേരുകള്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദേശീയ ദുരന്തനിവാരണ സേന, കരസേന, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സിംഗരേണി കൊളിയറീസ്, എസ്.ഡി.ആര്‍.എഫ് തുടങ്ങി 300ഓളം പേര്‍ രക്ഷാദൗത്യസംഘത്തിലുണ്ട്.
സംഘം ട്രെയിനിന്റെ സഹായത്തോടെ 11 കിലോമീറ്റര്‍ ഉള്ളില്‍ എത്തിയതായും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlight: Tunnel roof collapse: Jharkhand CM urges Reddy to ensure rescue of workers, offers help