ഭരണത്തുടര്‍ച്ച നല്‍കിയതിലൂടെ കേരളം പൂര്‍ണമായി നാസ്തികന്‍മാരുടെ നാടായി മാറിയെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം: ജ്യോതികുമാര്‍ ചാമക്കാല
Assam Assembly Election 2021
ഭരണത്തുടര്‍ച്ച നല്‍കിയതിലൂടെ കേരളം പൂര്‍ണമായി നാസ്തികന്‍മാരുടെ നാടായി മാറിയെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം: ജ്യോതികുമാര്‍ ചാമക്കാല
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th May 2021, 9:50 pm

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നല്‍കിയതിലൂടെ കേരളം പൂര്‍ണമായി നാസ്തികന്‍മാരുടെ നാടായി മാറി എന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. തെരഞ്ഞെടുപ്പ് ജയം എന്തും പറയാനുള്ള ലൈസന്‍സ് ആണെന്ന തെറ്റിദ്ധാരണയിലാണ് എന്‍.എസ്.എസിനെതിരെ സി.പി.ഐ.എം നേതാക്കളും അണികളും രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആചാരം സംരക്ഷിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ ഒറ്റതിരിഞ്ഞും എന്‍.എസ്.എസിനെയാകെ അധിക്ഷേപിക്കുന്നതിനോട് കേരളത്തിലെ പൊതുസമൂഹം യോജിക്കില്ല. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയില്‍ സി.പി.ഐ.എം നടത്തുന്ന അഴിഞ്ഞാട്ടം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചാമക്കാല ഫേസ്ബുക്കില്‍ എഴുതി.

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചാക്രികമാണ്. വിജയവും പരാജയവും ശാശ്വതമല്ല.
ജയിച്ചവര്‍ക്ക് എന്തും പറയാനുള്ള ലൈസന്‍സാണ് ജനം തന്നതെന്ന് തെറ്റിദ്ധരിക്കരുത്.
ആ തെറ്റിദ്ധാരണയിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ സി.പി.ഐ.എം നേതാക്കളും അണികളും രംഗത്തിറങ്ങുന്നത്.
ലോകം ചൊവ്വയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാലത്താണ് അയ്യപ്പന്‍ ആചാരം എന്നൊക്കെപ്പറഞ്ഞ് ചിലര്‍ ഉറഞ്ഞുതുള്ളുന്നത് എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് തന്നെയാണ് ഈ സമൂഹ മാധ്യമ അഴിഞ്ഞാട്ടത്തിന് തുടക്കമിട്ടത്.

കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നല്‍കിയതിലൂടെ കേരളം പൂര്‍ണമായി നാസ്തികന്‍മാരുടെ നാടായി മാറി എന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയോ കള്ളപ്പണമോ അല്ല എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടത്.
പരമ്പരാഗതമായി ഒരു വിഭാഗം ഈശ്വരവിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാണ്.

അതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റതിരിഞ്ഞും എന്‍.എസ്.എസിനെയാകെത്തന്നെയും അധിക്ഷേപിക്കുന്നതിനോട് കേരളത്തിലെ പൊതുസമൂഹം യോജിക്കുമെന്ന് കരുതുന്നില്ല.

ജാതിമതഭേദമില്ലാതെ ഈ നികൃഷ്ട നീക്കത്തെ എല്ലാവരും അപലപിക്കുമെന്ന് വിശ്വസിക്കുന്നു.
കേരളീയ നവോത്ഥാനത്തില്‍ നിഷേധിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ശ്രീ മന്നത്ത് പത്മനാഭന്റെ പ്രസ്ഥാനത്തെയാണ് സി.പി.ഐ.എമ്മും അണികളും ചേര്‍ന്ന് അധിക്ഷേപിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയില്‍ നിങ്ങള്‍ നടത്തുന്ന ഈ അഴിഞ്ഞാട്ടം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.
എല്ലാ മതവിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നു.
ആചാര സംരക്ഷണം അനാവശ്യമാണെന്ന് ഇപ്പോള്‍ പറയുന്നവര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ നിലപാട് മാറ്റിയത് എന്തിനായിരുന്നു എന്നും വ്യക്തമാക്കണം.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights: Attempt to Kerala has become a land of atheists by continuing to rule Jyothikumar Chamakala