സുനാമി എന്ന മനുഷ്യനിര്‍മ്മിത ദുരന്തം | Tsunami Malyalam Movie Review
അന്ന കീർത്തി ജോർജ്

തിരക്കഥയിലോ സംവിധാനത്തിലോ ലോജിക്കിന്റെ ഒരു കണിക പോലും ചേര്‍ക്കാത്ത, എല്ലാ ഡയലോഗിലും സെക്സും സ്വകാര്യഭാഗങ്ങളുമായി ബന്ധപ്പെട്ട ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള (തമാശയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതിയതെന്ന് തോന്നുന്നു), സത്രീവിരുദ്ധത നിറച്ചുവെച്ച ചിത്രമാണ് സുനാമി.

ലാലും മകന്‍ ജീന്‍ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രമായ സുനാമി പ്രേക്ഷകന്റെ ആസ്വാദനശേഷിക്കും ബുദ്ധിക്കും ഒരു കുന്നിക്കുരുവിന്റെ വലുപ്പം പോലുമില്ലെന്ന ധാരണയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് ആദ്യ ഭാഗങ്ങളില്‍ നിന്നു തന്നെ വ്യക്തമാകും.

നിഷ്‌കളങ്കമായ കഥ, നടന്‍ ഇന്നസെന്റ് പറഞ്ഞ കഥ അങ്ങനെ രണ്ട് അര്‍ത്ഥങ്ങള്‍ ഉദ്ദേശിച്ചാണ് ഈ ടാഗ് ലൈന്‍ എന്ന് തോന്നുന്നു. റാംജിറാവു സ്പീക്കിംഗിന്റെ സെറ്റില്‍ വെച്ച് ഇന്നസെന്റ് പറഞ്ഞ ത്രെഡില്‍ നിന്നാണ് സുനാമിയുടെ കഥയുണ്ടാക്കിയതെന്ന് തിരക്കഥയെഴുതിയ ലാല്‍ പറഞ്ഞിരുന്നു. റാംജിറാവു കാലഘട്ടത്തില്‍ പറഞ്ഞ ഒരു കഥ 2021ല്‍ സിനിമയാക്കാന്‍ ശ്രമിച്ചത് തന്നെയായിരിക്കണം ഈ ചിത്രത്തിന്റെ പരാജയം.

പക്ഷെ റാംജിറാവു പോലെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു സിനിമയുടെ ഭാഗമായ ലാലും ഡ്രൈവിംഗ് ലൈസന്‍സ് ചെയ്ത ജീന്‍ പോളും ചേര്‍ന്ന് പഴകിച്ചീഞ്ഞ മനുഷ്യത്വവിരുദ്ധമായ തമാശകളുമായെത്തുന്നത് സങ്കടകരം തന്നെയാണ്.

ഇന്ന് പല സിനിമകളിലും ചില സന്ദര്‍ഭങ്ങളില്‍ അസഹ്യമായ സ്ത്രീവിരുദ്ധത, അശാസ്ത്രീയത, ട്രാന്‍സ് ഫോബിയ ഒക്കെ കടന്നുവരുമ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഇപ്പറഞ്ഞ പിന്തിരിപ്പന്‍ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും ഒരു ഘോഷയാത്രയാണ് സുനാമി.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.