state emergency
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്; ഭരണഘടനാ വിരുദ്ധമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 15, 05:01 pm
Friday, 15th February 2019, 10:31 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചെന്ന് പ്രസ് സെക്രട്ടറി സാറ ട്വീറ്റ് ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. അതേസമയം മതിലിന് അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ അംഗങ്ങള്‍.

കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് ഉപയോഗിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗമാണെന്നാണ് വിമര്‍ശനം. പ്രതിപക്ഷമായ ഡെമോക്രാറ്റിനൊപ്പം സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ട്രംപിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ALSO READ: വികാരങ്ങളില്‍ നിന്നല്ല ദേശീയത ഉണരേണ്ടത്; ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും കഴിയണം; പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി റിച്ച ഛദ്ദ

ഹൗസ് സ്പീക്കര്‍ നാന്‍സി പോളും സെനറ്റ് ന്യൂനപക്ഷ ലീഡര്‍ ചക്ക് ഷ്യൂമറും ട്രംപിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കന്‍ ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമെന്നാണ് നടപടിക്കെതിരെ പ്രതികരിച്ചത്.

നമ്മുടെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടെന്നും അത് എന്ത് ചെയ്യണമെന്ന് നമുക്കറിയില്ലെന്നും പറഞ്ഞ ട്രംപ് ആ തുക തനിക്ക് നല്‍കാനും താന്‍ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബില്ലില്‍ ഒപ്പിടുന്നതിന് മുമ്പ് പ്രസ്ഥാവന നടത്തി.

അടിയന്തരവാസ്ഥ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ട്രംപ് 35 ദിവസം ട്രഷറികളടച്ചത് അമേരിക്കന്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.