Film News
നമ്മളൊക്കെ ഉപയോഗം കഴിഞ്ഞാല്‍ വിഗ്ഗ് കളയാറല്ലേ പതിവ്, പക്ഷേ അപ്പു അങ്ങനെയല്ല: വൈറലായി ഇന്ത്യന്‍ 2 ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 26, 10:04 am
Wednesday, 26th June 2024, 3:34 pm

കമല്‍ ഹാസന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ കാലം സമയമെടുത്ത് ചെയ്ത സിനിമയാണ് ഇന്ത്യന്‍ 2. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് തീര്‍ന്നത് 2024ലാണ്. പല കാരണങ്ങളും കൊണ്ട് നീണ്ടുപോയ ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. അഞ്ചോളം ഗെറ്റപ്പിലാണ് കമല്‍ ഹാസന്‍ ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരുന്നു.

ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ, നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ ഒന്നാം ഭാഗത്തിന്റെ ക്വാളിറ്റി രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലറിനില്ല എന്നാണ് പ്രധാന വിമര്‍ശനം. കമല്‍ ഹാസന്റെ ഗെറ്റപ്പും വിഗ്ഗും ട്രോളന്മാരുടെ ഇരയായി മാറി. സേനാപതി എന്ന ക്ലാസിക് കഥാപാത്രത്തെ ഫാന്‍സി ഡ്രസ്സ് മത്സരത്തിന് പങ്കെടുക്കുന്ന ആളെപ്പോലെയാക്കി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

തിയേറ്ററില്‍ ഹിറ്റായി മാറുകയും ഒ.ടി.ടിയിലെത്തിയപ്പോള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ പ്രണവ് മോഹന്‍ലാലുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകള്‍. പ്രണവ് തന്റെ വിഗ് കമല്‍ ഹാസന് നല്‍കി എന്ന നിലക്കുള്ള ട്രോളുകള്‍ പല ട്രോള്‍ പേജുകളിലും നിറയുന്നുണ്ട്. പ്രണവിനെക്കുറിച്ച് വിനീത് പറയുന്ന ‘പക്ഷേ അപ്പു അങ്ങനെയല്ല’ എന്ന ഡയലോഗ് ക്യാപ്ഷനായി ഇട്ടാണ് പലരും ട്രോളുന്നത്.

സിനിമയില്‍ മീശ മാത്രം വെച്ച് വരുന്ന കമല്‍ ഹാസനെ കമ്മാര സംഭവത്തിലെ ദിലീപുമായി ബന്ധപ്പെടുത്തിയ ട്രോളുകളുമുണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിനെ എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടും ട്രോളുകളുണ്ട്. കമല്‍ ഹാസനും നെടുമുടി വേണുവും ഒന്നിച്ചുള്ള സീനുകള്‍ കാണുമ്പോള്‍ കമല്‍ ഹാസനെയാണ് എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതായി തോന്നുവെന്നാണ് പലരും പറയുന്നത്.

200 കോടിയോളം ബജറ്റില്‍ വന്‍ താരനിരയുമായാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ്, എസ്.ജെ സൂര്യ, രാകുല്‍ പ്രീത് സിങ്, സമുദ്രക്കനി, ബോബി സിംഹ, പ്രിയ ഭവാനി ശങ്കര്‍, വിവേക്, ബ്രഹ്‌മാനന്ദം, മനോബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സും, റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Trolls after Indian 2 trailer are going viral