ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരിഹാസപാത്രമാവുകയാണ് ചിരഞ്ജീവി ചിത്രം ഗോഡ്ഫാദര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍. നവംബര്‍ 18നാണ് ഗോഡ്ഫാദര്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്.
ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുന്നോടിയായി ലൂസിഫറിന്റെ അപ്‌ഗ്രേഡ് വേര്‍ഷനാണ് ഗോഡ്ഫാദറെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു. ലൂസിഫര്‍ കണ്ടപ്പോള്‍ പൂര്‍ണ തൃപ്തി തോന്നിയില്ലെന്നും എന്നാല്‍ ഒട്ടും ബോറടിപ്പിക്കാതെയാണ് ഗോഡ്ഫാദര്‍ അണിയിച്ചൊരുക്കിയതെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. പ്രസ്താവനക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉണ്ടായത്.
എന്നാല്‍ ഒ.ടി.ടിയിലുമെത്തി കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതോടെ ഇത് എന്തോന്ന് അപ്‌ഗ്രേഡ് വേര്‍ഷനാണ് എടുത്തുവെച്ചിരിക്കുന്നതെന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ കഥയിലെ പല പ്രധാനപ്പെട്ട ഘടകങ്ങളും ഗോഡ്ഫാദറില്‍ മാറ്റിയെന്നും ഒരു കോമഡി മാസ് മസാല ചിത്രമാണ് ചിരഞ്ജീവി എടുത്തുവെച്ചിരിക്കുന്നതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
ചിത്രത്തിലെ വിവിധ രംഗങ്ങള്‍ക്കെതിരെ പരിഹാസമുയരുന്നുണ്ട്. നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഡയലോഗാണ് അതിലൊന്ന്. മോഹന്‍ലാലിന്റെ മാസ് ഡയലോഗ് റഫറന്‍സ് എന്ന നിലക്കാണ് ലൂസിഫറില്‍ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. അത് തന്നെ ഗോഡ്ഫാദറില്‍ എടുത്തിട്ടിരിക്കുകയാണെന്ന് പ്രേക്ഷകര്‍ പറയുന്നു. തന്നെയുമല്ല മോഹന്‍ലാലിന്റെ ഐക്കോണിക് ഡയലോഗ് എടുത്തതിലും ആരാധകര്‍ ക്ഷുഭിതരായിട്ടുണ്ട്.
മറ്റൊന്ന് നയന്‍താരയുമായിട്ടുള്ള ഇമോഷണല്‍ രംഗമാണ്. മലയാളത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും പള്ളി മുറ്റത്ത് വെച്ച് ഒന്നിക്കുന്ന രംഗങ്ങള്‍ വളരെ സട്ടിലായാണ് ചെയ്തിരിക്കുന്നത്. തെലുങ്കില്‍ ഈ രംഗങ്ങള്‍ ഇമോഷണലാക്കി കരഞ്ഞ് കുളമാക്കി വെച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഷാജോണിന്റെ കഥാപാത്രം ഒളിച്ചിരുന്ന കാണുന്ന ഫൈറ്റും തെലുങ്കിലെത്തിയപ്പോള്‍ കോമഡിയായെന്നും വില്ലന്മാരെല്ലാം പറക്കുകയാണെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ചിത്രത്തില്‍ ഏറ്റവും വലിയ കോമഡി ആയതെന്നും സല്‍മാനെ പറഞ്ഞ് പറ്റിച്ചതായിരിക്കാമെന്നും പരിഹാസങ്ങളുയര്‍ന്നിരുന്നു.
Content Highlight: troll against chiranjeevi’s godfather after ott release