Entertainment
വിജയ് ചാടിയാല്‍ ഞാനും ചാടണം; ആ ചിത്രം മുതല്‍ എനിക്ക് റോപ്പ് സീനുകള്‍ ശീലമായി: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 20, 08:15 am
Sunday, 20th October 2024, 1:45 pm

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടായിരത്തിന്റെ ആരംഭത്തില്‍ സിനിമാ ജീവിതം ആരംഭിച്ച തൃഷ ഇന്നും തമിഴ് സിനിമാ മേഖലയില്‍ തിരക്കുള്ള നായികയാണ്. തമിഴിന് പുറമെ തെലുങ്കിലും കന്നടയിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഐഡന്റിറ്റിയിലും നായിക തൃഷയാണ്.

തമിഴ് സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു തൃഷയും വിജയിയും. ഇരുവരും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ലിയോ. അതിന് മുന്‍പ് 2008ല്‍ ഇറങ്ങിയ കുരുവിയിലും 2004 ല്‍ ഇറങ്ങിയ ഗില്ലിയിലും അവര്‍ ഒന്നിച്ചിട്ടുണ്ട്.

ഗില്ലി സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് റോപ്പ് സീനുകള്‍ ചെയ്യാന്‍ തുടങ്ങിയതാണെന്ന് തൃഷ പറയുന്നു. സിനിമയില്‍ കൂടുതലും വിജയിയെ ഫോളോ ചെയ്യുന്ന സീനുകളായതുകൊണ്ടുതന്നെ അദ്ദേഹം ചെയ്യുന്ന ഫൈറ്റ് സീനുകളിലെല്ലാം താനും ഭാഗമായിരുന്നെന്നും അതുകൊണ്ടു തന്നെ വിജയ് ചാടുമ്പോള്‍ താനും ചാടിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അതുമുതല്‍ റോപ്പ് സീനുകള്‍ ചെയ്ത് തനിക്ക് ശീലമാണെന്നും തൃഷ പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘റോപ്പ് സീനുകളെല്ലാം എനിക്ക് ഗില്ലി സിനിമ മുതല്‍ ശീലമാണ്. ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യുകയല്ലേ, അപ്പോള്‍ വിജയ് ചെയ്യുന്ന ആക്ഷന്‍ സീനുകളിലെല്ലാം ഞാനും ഭാഗമാണ്. അദ്ദേഹം ചാടിയാല്‍ ഞാന്‍ കയറില്‍ തൂങ്ങി ചാടണം. അവര്‍ ചാടിയാല്‍ ഞാന്‍ കൂടെ ചാടും. അതുകൊണ്ടുതന്നെ റോപ്പ് സീനെല്ലാം ചെയ്തത് എനിക്ക് നല്ല ശീലമാണ്. പാട്ടു സീനുകള്‍ വരെ റോപ്പ് സീന്‍ ചെയ്ത് ശീലമുണ്ട്,’ തൃഷ പറയുന്നു.

Content Highlight: Trisha Says She Is Used to Do Rope Scene After Ghilli Movie