തിളങ്ങുന്ന പിങ്ക്- പച്ച സാരി ധരിച്ചാണ് ഞാനിന്ന് വന്നിരിക്കുന്നത്, സന്‍സദ് ടി.വി ഫോക്കസ് ചെയ്യുമായിരിക്കും ട്രോളി മഹുവ
national news
തിളങ്ങുന്ന പിങ്ക്- പച്ച സാരി ധരിച്ചാണ് ഞാനിന്ന് വന്നിരിക്കുന്നത്, സന്‍സദ് ടി.വി ഫോക്കസ് ചെയ്യുമായിരിക്കും ട്രോളി മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2023, 1:50 pm

ന്യൂദല്‍ഹി: പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടി.വിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇന്ന് താന്‍ തിളങ്ങുന്ന പിങ്ക്- പച്ച നിറത്തുള്ള സാരി ധരിച്ചാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എത്തുന്നതെന്നും, അങ്ങനെയെങ്കിലും സന്‍സദ് ടി.വി തന്നെ ഫോക്കസ് ചെയ്യുമെന്നാണ് കരുതുന്നതെന്നും മഹുവ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റിന് മുന്നില്‍ നിന്നുള്ള തന്റെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ സന്‍സദ് ടി.വി കൂടുതല്‍ സമയം സ്പീക്കറെ ഫോക്കസ് ചെയ്യുന്നുവെന്ന ആരോപണത്തിനിടയിലാണ് മഹുവയുടെ പരിഹാസം.

‘ഞാന്‍ ഇന്ന് പാര്‍ലമെന്റില്‍ സംസാരിക്കുന്നുണ്ട്. ഞാനിന്ന് തിളങ്ങുന്ന പിങ്ക്- പച്ച നിറത്തിലുള്ള സാരി ധരിച്ചാണ് എത്തിയിട്ടുള്ളത്.

 

 

ലജ്ജയില്ലാത്ത പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന സന്‍സദ് ടി.വി എന്റെ സംസാരത്തിനിടയില്‍ എന്നെ ഫോക്കസ് ചെയ്യുമെന്ന് കരുതുന്നു,’ മഹുവ ട്വീറ്റില്‍ പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തിലുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോള്‍ കൂടുതല്‍ സമയവും ഫോക്കസ് നല്‍കിയത് സ്പീക്കര്‍ ഓം ബിര്‍ളക്കാണെന്ന് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ബുധനാഴ്ച ഉച്ചക്ക് 12:09 മുതല്‍ 12:46 വരെയാണ് രാഹുല്‍ പ്രസംഗിച്ചത്. ഈ സമയം സന്‍സദ് ടി.വിയില്‍ കൂടുതല്‍ സമയം തെളിഞ്ഞത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മുഖമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു.

‘അവിശ്വാസ പ്രമേയത്തിനിടെ 37 മിനിറ്റാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. അതില്‍ സന്‍സദ് ടി.വി ക്യാമറ രാഹുലിനെ കാണിച്ചത് 14 മിനിറ്റ് 37 സെക്കന്‍ഡ് മാത്രമാണ്.
40 ശതമാനം സ്‌ക്രീന്‍ പ്രസന്‍സ് മാത്രമാണ് രാഹുലിന് ലഭിച്ചത്. എന്തിനെയാണ് മിസ്റ്റര്‍ മോദി ഭയപ്പെടുന്നത്?

ഇതില്‍ തന്നെ മണിപ്പൂര്‍ വിഷയത്തില്‍ 15 മിനിറ്റ് 42 സെക്കന്‍ഡാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഈ സമയത്ത്, സന്‍സദ് ടി.വിയുടെ ക്യാമറ 11 മിനിറ്റ് 08 സെക്കന്‍ഡ് സ്പീക്കര്‍ ഓം ബിര്‍ളയെ ഫോക്കസ് ചെയ്തു. അതായത് 71 ശതമാനം സമയവും. സന്‍സദ് ടി.വി രാഹുല്‍ ഗാന്ധി മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാല് മിനിറ്റ് 34 സെക്കന്‍ഡ് മാത്രമാണ് വീഡിയോയില്‍ കാണിച്ചത്,’ എന്നാണ് ജയറാം രമേശ് പറഞ്ഞിരുന്നത്.

Content Highlight: Trinamool Congress MP Mahua Moitra mocks Sansad TV for broadcasting parliamentary proceedings