തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെക്കാണാൻ അപ്പോയ്‌മെന്റ് ചോദിച്ചിട്ടും കേരളാ ആരോഗ്യമന്ത്രി വീണ ജോർജിന് അനുമതി നൽകാതിരുന്നത് തെറ്റായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശമാർ ഉന്നയിക്കുന്ന വിഷയങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് സംസാരിക്കവെയായിരുന്നു വി.ഡി. സതീശന്റെ പരാമർശം.
‘ആരോഗ്യമന്ത്രി വീണ ജോർജിന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഇന്നലെ സാധിച്ചില്ല. എന്താണ് കാരണം എന്ന് ഞങ്ങൾക്കറിയില്ല. അപ്പോയ്‌മെന്റ് എടുക്കാതെ പോയത് കാരണമാണ് കാണാൻ സാധിക്കാതിരുന്നതെന്നും അപ്പോയ്‌മെന്റ് ചോദിച്ചിട്ട് കിട്ടിയില്ല എന്നും പറയുന്നുണ്ട്. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ല. പക്ഷേ അപ്പോയ്‌മെന്റ് ചോദിച്ചിട്ടും കേന്ദ്ര ആരോഗ്യമന്ത്രി കൊടുത്തില്ല എന്നാണെങ്കിൽ അത് ശരിയായ ഒരു സമീപനമല്ല,’ അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെ സമരം ഒരു മാസത്തിലധികം ദിവസങ്ങളായി തുടരുന്ന വേളയിൽ ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ദൽഹിയിലേക്ക് പോയിരുന്നു. എന്നാൽ അനുമതി ലഭിക്കാത്തതിനാൽ അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല.
സർക്കാർ മുൻകൈ എടുത്ത് അടിയന്തരമായി ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേന്ദ്ര സർക്കാരിൽ നിന്ന് അവർക്ക് ഇൻസെന്റീവ് കൂട്ടിക്കൊടുക്കുന്നതിനായി എം.പിമാർ ശ്രമിക്കുന്നുണ്ട്, കേരളാ സർക്കാരും അതിന് വേണ്ടി ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ആശാ വര്‍ക്കര്‍മാര്‍ സമരത്തിലുന്നയിച്ച ആവശ്യങ്ങളിലൊന്നാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഓണറേറിയം നല്‍കുമ്പോള്‍ പാലിക്കേണ്ട പത്ത് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതില്‍ നിന്ന് നിശ്ചിത പ്രവര്‍ത്തന മേഖല, ഇന്‍സെന്റീവ്, വീടുകള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് പിന്‍വലിച്ചത്. ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്‍സെന്റീവ് പൂര്‍ണമായും ലഭിക്കുകയുള്ളൂവെന്ന മാനദണ്ഡമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
നിലവില്‍ പ്രതിമാസം 7,000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി നിശ്ചയിച്ചിരിക്കുന്നത്. 10 മാനദണ്ഡങ്ങളില്‍ അഞ്ച് എണ്ണം പൂര്‍ത്തീകരിച്ചാല്‍ മാത്രമാണ് ഓണറേറിയമായ 7000 രൂപ ആശമാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഈ തുക ആശമാര്‍ക്ക് ഓണറേറിയമായി അനുവദിക്കുന്നതിന് മേല്‍പ്പറഞ്ഞ പ്രകാരം നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്തത്.
അതേസമയം വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ആശാ പ്രവര്‍ത്തകര്‍. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
Content Highlight: Not allowing Veena George to meet the Union Health Minister despite asking for an appointment is not the right approach; VD Satheesan