ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കില്‍... ഇതിഹാസ നേട്ടം ഇനി അടുത്ത മത്സരത്തിലോ?
icc world cup
ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കില്‍... ഇതിഹാസ നേട്ടം ഇനി അടുത്ത മത്സരത്തിലോ?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st November 2023, 7:39 pm

 

2023 ലോകകപ്പിന്റെ 32ാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് സൗത്ത് ആഫ്രിക്കയെ നേരിടുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റണ്‍ ഡി കോക്കിന്റെയും റാസി വാന്‍ ഡെര്‍ ഡസന്റെയും സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് നേടി. ഡി കോക്ക് 116 പന്തില്‍ 114 റണ്‍സടിച്ചപ്പോള്‍ 118 പന്തില്‍ 133 റണ്‍സാണ് വാന്‍ ഡെര്‍ ഡസന്‍ അടിച്ചുകൂട്ടിയത്.

30 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെ വെടിക്കെട്ടും ടോട്ടലില്‍ നിര്‍ണായകമായി.

 

ന്യൂസിലാന്‍ഡിനായി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെയാണ് ട്രെന്റ് ബോള്‍ട്ട് മടക്കിയത്. ബോള്‍ട്ടിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് ബാവുമ പുറത്തായത്. ലോകകപ്പിലെ ബോള്‍ട്ടിന്റെ 49ാം വിക്കറ്റാണിത്.

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് ബോള്‍ട്ട് ലോകകപ്പിലെ 50 വിക്കറ്റ് എന്ന റെക്കോഡ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നത്.

എന്നാല്‍ ആരാധകരെ പ്രതീക്ഷകള്‍ തെറ്റുകയായിരുന്നു. നവംബര്‍ നാലിന് പാകിസ്ഥാനെതിരായ അടുത്ത മത്സരത്തില്‍ ബോള്‍ട്ടിന് ഈ റെക്കോഡ് ഉറപ്പായും നേടാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

നിലവില്‍ 26 വേള്‍ഡ് കപ്പ് ഇന്നിങ്‌സില്‍ നിന്നുമാണ് ബോള്‍ട്ട് 49 വിക്കറ്റ് വീഴ്ത്തിയത്. 249 ഓവറുകളാണ്‌ ബോള്‍ട്ട് ലോകകപ്പുകളില്‍ എറിഞ്ഞുതീര്‍ത്തത്. ഇതില്‍ 21 ഓവറുകളില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങിയിട്ടുമുണ്ടായിരുന്നില്ല.

 

24.10 എന്ന ശരാശരിയിലും 4.74 എന്ന എക്കോണമിയിലും പന്തെറിയുന്ന ബോള്‍ട്ടിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം 2015ല്‍ ഓസീസിനെതിരെ 27 റണ്‍സ് വഴങ്ങി വീഴ്ത്തിയ അഞ്ച് വിക്കറ്റാണ്.

ലോകകപ്പുകളില്‍ മൂന്ന് തവണ നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ബോള്‍ട്ട് ഒരു തവണ ഫൈഫറും നേടിയിട്ടുണ്ട്. നിലവില്‍ ആക്ടീവ് പ്ലെയേഴ്‌സിന്റെ പട്ടികയില്‍ ഏറ്റവുമധികം ലോകകപ്പ് വിക്കറ്റ് വീഴ്ത്തിയ ബൗളറും ബോള്‍ട്ട് തന്നെ.

 

Content Highlight: Trent Boult failed to complete 50 wickets in world cup against South Africa