ഐ.സി.സി ഏറ്റവും പുതിയ 20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. 2023 ഡിസംബര്‍ മാസം മുതല്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നു കൊണ്ടായിരുന്നു ഹെഡ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.
2024 ടി-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഹെഡ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ലോകകപ്പില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 225 റണ്‍സാണ് താരം അടിച്ചെടുത്തത്. 42.50 ആവറേജിലും 158.38 സ്‌ട്രൈക്ക് റേറ്റിലുമാണ് ഹെഡ് ബാറ്റ് വീശിയത്.
സൂപ്പര്‍ എട്ടിലെ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഹെഡ് തകര്‍പ്പന്‍ പ്രകടനം ആയിരുന്നു നടത്തിയിരുന്നത്. 43 പന്തില്‍ 76 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറുകളും നാല് സിക്‌സുകളുമാണ് ഹെഡ് നേടിയത്.
ഈ ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് ആറ് മത്സരങ്ങളില്‍ നിന്നും 149 റണ്‍സാണ് നേടിയത്. 29.80 ശരാശരിയിലും 139.25 സ്‌ട്രൈക്ക് റേറ്റിലും ആയിരുന്നു സ്‌കൈ ബാറ്റ് വീശിയത്.
അതേസമയം ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയ 24 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 21 റണ്‍സിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ സെമിയിലേക്ക് മുന്നേറുകയും ചെയ്തിരുന്നു. ഇതോടെ കങ്കാരുപ്പട ഈ ലോകകപ്പിലെ തങ്ങളുടെ തേരോട്ടം അവസാനിപ്പിക്കുകയായിരുന്നു.
മറുഭാഗത്ത് ഇന്ത്യ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നറിയത്. നാളെ നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ മത്സരിക്കുന്നത് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.