മുപ്പത് വര്‍ഷം മുമ്പ് പതിനെട്ടാം വയസ്സില്‍ വീടുവിട്ടിറങ്ങിയതാണ് സുറുമി (യഥാര്‍ത്ഥ പേരല്ല). പിന്നീട് താമസം വാടക വീടുകളില്‍. ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തിരിച്ചറിയുമ്പോള്‍ ഉടമ വാടകവീടുകളില്‍നിന്നും ഇറക്കിവിടും. സ്ഥിരമായി ജോലിയില്ലാത്തതിനാല്‍ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ വയസ്സ് നാല്‍പത്തെട്ട്. ഇവരെപ്പോലെയുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന വാഗ്ദാനുമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
വാക്കുപാലിക്കാനെന്നോണം സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയവും രൂപീകരിച്ചു. ആരോഗ്യവും തൊഴിലും വിദ്യാഭ്യാസവുമെന്ന നയ പ്രഖ്യാപനവും നടത്തി. എന്നാല്‍, അടിസ്ഥാന സൗകര്യം ഒരുക്കാതെയുള്ള നയപ്രഖ്യാപനം അപ്രായോഗികമാണെന്നതിന് തെളിവാണ് കൊച്ചി മെട്രോയില്‍ ജോലി കിട്ടിയവരുടെ അനുഭവം.
കൊച്ചി മെട്രോയില്‍ 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനാണ് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നത്. എന്നാല്‍ നഗരത്തില്‍ താമസസ്ഥലമില്ലാത്തതും ശമ്പളക്കുറവും മൂലം ഒമ്പത് പേര്‍ ജോലി ഉപേക്ഷിച്ചു. സര്‍ക്കാരിന് കിട്ടിയ പ്രശംസക്കപ്പുറം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രതീക്ഷിച്ച ഗുണമുണ്ടായില്ലെന്ന് കൊച്ചി മെട്രോയില്‍ ജോലി കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഫൈസല്‍ ആരോപിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ശുചീകരണ ജോലികളിലേക്കാണ് ഇവരെ നിയമിച്ചത്. ശരിയായ രീതിയില്‍ ഇന്റര്‍വ്യൂ നടത്താതെയും ബയോഡാറ്റ പരിശോധിക്കാതെയും എല്ലാവരേയും ശുചീകരണജോലികളിലേക്ക് നിയമിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മാറാത്ത മനോഭാവംകൊണ്ടാണെന്ന് ഫൈസല്‍ പറയുന്നു.
“ഞാനടക്കമുള്ളവര്‍ ജോലി ഉപേക്ഷിക്കാതെ തുടരുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്. അല്ലാതെ ഈ ജോലികൊണ്ട് ജീവിക്കാനാവില്ല. വീട്ടില്‍ നിന്ന് വന്നുപോകുന്ന കുടുംബശ്രീ പ്രവര്‍ത്തകരെപോലെയാണ് ഞങ്ങളേയും കാണുന്നത്. ജോലി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് പോകാന്‍ ഇടമില്ല. ഞങ്ങള്‍ പലതരത്തിലുള്ള വെല്ലുവിളികളെ നേരിട്ടാണ് ജോലിയിലേക്ക് പ്രവേശിക്കുന്നതെന്നത് അധികാരികള്‍പോലും പരിഗണിക്കുന്നില്ല. മാസം ലഭിക്കുന്ന 8000 രൂപകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല” ഫൈസല്‍ വിശദീകരിക്കുന്നു.
പ്ലിങ്കു സംഗീത്
കൊച്ചി മെട്രോയിലെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ 10,833 രൂപയും ടിക്കറ്റിങ്ങില്‍ 11,700 രൂപയുമാണ് ശമ്പളം നല്‍കുന്നത്. പിഎഫും മറ്റും കഴിഞ്ഞ് 8000 രൂപയോളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഈ ശമ്പളംകൊണ്ട് താമസസൗകര്യമുള്‍പ്പെടെ ശരിയാക്കി മുന്നോട്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ട് ജോലിയില്‍ കയറിയ പല ട്രാന്‍സ്‌ജെന്റേഴ്‌സും ദിവസങ്ങള്‍ക്കുള്ളില്‍ ജോലി ഉപേക്ഷിച്ചു.
ജോലിയില്‍ തൃപ്തരല്ലാത്തതുകൊണ്ടാണ് ഇവര്‍ ജോലി ഉപേക്ഷിച്ചതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ കെ.എം.ആര്‍.എല്‍ നല്‍കിയ വിശദീകരണം. രാജ്യത്ത് ആദ്യമായി നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നും സാമൂഹികമായ വലിയ മുന്നേറ്റമായിരുന്നു എന്നുമാണ് കെ.എം.ആര്‍.എല്‍ അവകാശപ്പെടുന്നത്.
മെട്രോയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യമൊരുക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്ന വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയും 500 രൂപ മാസവാടകയില്‍ കാക്കനാട് ജ്യോതിസ് ഭവനില്‍ താമസമൊരുക്കുകയും ചെയ്തു. എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്. ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോ സ്‌റ്റേഷനുകളില്‍ പണി പൂര്‍ത്തിയാക്കുമ്പോള്‍ അറുപതോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കാനാവുമെന്നാണ് കെ.എം.ആര്‍.എല്‍ പറയുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായിരുന്നിട്ടും കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നിയമസാധുതയില്ല. പി.എസ്.സി പരീക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക കോളമില്ല. സ്ത്രീ, പുരുഷന്‍ എന്നീകോളങ്ങള്‍ മാത്രമാണ് നയം രൂപീകരിച്ച സര്‍ക്കാരിന്റെ കീഴിലുള്ള പി.എസ്.സി ലിസ്റ്റിലുമുള്ളത്. ഈ വിഷയം പലപ്പോഴായി സന്നദ്ധ പ്രവര്‍ത്തകരും ലൈംഗിക ന്യൂനപക്ഷത്തിനായി സംസാരിക്കുന്നവരും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ കോളങ്ങള്‍ തൊഴിലധിഷ്ടിത പരീക്ഷകളില്‍ ഉള്‍പ്പെടുത്തുകയും ലൈംഗിക ന്യൂനപക്ഷങ്ങളെ തമിഴില്‍ വിശേഷിപ്പിക്കാനുള്ള പദങ്ങളടക്കം കണ്ടെത്തുകയും ചെയ്തു. എന്നിട്ടും കേരളത്തില്‍ സ്ഥിതിയിലും അവഗണനയിലും മാറ്റമൊന്നും ഇല്ല. ഉന്നത വിദ്യാഭ്യാസം നേടിയാലും പൊതു-സ്വകാര്യ മേഖലകളില്‍ ഇവര്‍ക്ക് ജോലി ലഭിക്കുന്നില്ല. കളിയാക്കലുകള്‍ തുടരുന്നതിനാല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം സ്‌കൂള്‍ കാലഘട്ടത്തില്‍ നേടാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
ഫൈസല്‍
സമന്വയ ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതി എന്നപേരില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ മുന്‍നിര്‍ത്തി വിദ്യാഭ്യാസ തുല്യതാ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലയിലും സര്‍വ്വെ നടത്തിയാണ് പദ്ധതിയിലേക്ക് പ്രയോക്താക്കളെ കണ്ടെത്തിയത്. സെക്ഷല്‍ ആന്‍ഡ് ജെന്‍ഡര്‍ മൈനോരിറ്റി ഫെഡറേഷന്‍ സാക്ഷരതാ മിഷനുമായി ചേര്‍ന്നാണ് സര്‍വ്വെ നടത്തിയത്. മൂവായിരത്തോളം വിദ്യാഭ്യാസം ആവശ്യമായ ട്രാന്‍സ്‌ജെന്‍ഡേഴിനെ സര്‍വ്വെയിലൂടെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയിലേക്കുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പ്രതികരണം വളരെ കുറവാണെന്ന് ക്യൂവറിതം സംഘടനയുടെ തിരുവനന്തപുരം ജില്ലാസെക്രട്ടറി പ്രിജിത് അഭിപ്രായപ്പെട്ടു.
ദിവസ വരുമാനമില്ലാത്തതും തുല്യതാ വിദ്യാഭ്യാസത്തിലൂടെ എന്ത് ജോലി എന്നു തുടങ്ങിയ ആശങ്കകള്‍ക്കും കൊണ്ടാണ് പദ്ധതിയിലേക്ക് കൂടുതല്‍ പങ്കാളിത്തം ഉണ്ടാവത്തതെന്ന് പ്രിജിത് പറയുന്നു. “പഠിക്കാന്‍ വരുന്നവര്‍ക്ക് താമസിക്കാന്‍ സ്ഥലമില്ല. ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ രൂക്ഷമാണ്. എന്നാല്‍ സാക്ഷരതാ മിഷന്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത് ജില്ലാതലത്തില്‍ ഒരു സെന്റര്‍ തുടങ്ങാമെന്നാണ്. അതിനോടുകൂടി പഠിക്കാനെത്തുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യം സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് അനുവദിക്കാമെന്നും സാക്ഷരതാമിഷന്‍ അറിയിച്ചിട്ടുണ്ട”. പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് പ്രിജിത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുതല്‍ വിതരണം ചെയ്തിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കോളര്‍ഷിപ്പ് (ടിജി സ്‌കോളര്‍ഷിപ്പ്) വിദ്യാഭ്യാസ പദ്ധതിയിലേക്കും കൂടെ പരിഗണിക്കാം എന്ന ആശയവും സര്‍ക്കാര്‍ അറിയിച്ചിട്ടിട്ടുണ്ടെന്നും പ്രിജിത് പറഞ്ഞു. നാല്, ഏഴ്, എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി എന്നീ ക്ലാസ്സുകളിലേക്കാണ് സാക്ഷരതാ മിഷന്‍ പരിശീലനം നല്‍കുന്നത്. പൂര്‍ണമായും സൗജന്യമായാണ് പരിശീലനം. പദ്ധതിയിലേക്ക് നവംബര്‍ മുപ്പതുവരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ഏകദേശം അഞ്ഞൂറോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവുമധികം അപേക്ഷകരുള്ളത് പത്താം തരത്തിലേക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ പഴയ സര്‍വ്വെ പ്രകാരം 58 ശതമാനം ട്രാന്‍സ് ജെന്‍ഡേഴ്‌സ് പഠനം പാതിയിലുപേക്ഷിച്ചവരാണ്. എട്ടാംതരത്തിലും ഒമ്പതാം തരത്തിലും വച്ച് സ്‌കൂള്‍ വിദ്യാഭ്യാസം നിന്നുപോയവരാണ് ഇവരിലേറെയും. അതുകൊണ്ടാണ് പത്താംതരത്തിലേക്കുഴള്ള അപേക്ഷകരില്‍ ഇത്രത്തോളം ഉയര്‍ച്ച പ്രകടമാവുന്നത്.
കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം രജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്. ഏറ്റവും കുറവ് വയനാട്ടിലും. ആദിവാസികള്‍ക്കിയില്‍ നിന്നും നാമമാത്രമായ രജിസ്‌ട്രേഷനാണ് നടന്നിട്ടുള്ളത്. സര്‍വ്വെ നടത്തിയപ്പോള്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവരില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. “ക്ഷേമപദ്ധതികള്‍ ഒരുപാടുണ്ടെങ്കിലും ഇനിയും അവസാനിക്കാത്ത സാമൂഹിക അരക്ഷിതാവസ്ഥയും സെക്ഷ്വല്‍ ഐഡന്റിറ്റി തുറന്നു പറഞ്ഞാലുണ്ടാവുന്ന അവഗണനയും ഭീഷണികളും കാരണം ഇത്തരം പദ്ധതികളിലേക്കെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. അടിസ്ഥാനപരമായ കാരണം എങ്ങനെ ഭക്ഷണം കഴിക്കും എന്നതുതന്നെയാണ്. അതിന് പരിഹാരം കാണാന്‍ ഒരുപദ്ധതിക്കും കഴിയുന്നില്ല എന്നതാണ് പോരായ്മയും. കോഴ്‌സുമായി ബന്ധപ്പെട്ട ആശങ്കകളും മാറിയിട്ടില്ല.” പ്രജിത് വ്യക്തമാക്കി.
എന്നാല്‍ ഈ പഠനപദ്ധതി മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ നിലപാടുകള്‍ക്കും വഴി വെക്കുന്നുണ്ട്. തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഗസറ്റിലൂടെ മാറ്റിയെടുക്കുന്ന പേരുകളാവും സാക്ഷരതാമിഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുക. പഠിപ്പിക്കാനുള്ള യോഗ്യതയുളള ട്രാന്‍സ്‌ജെന്‍ഡര്‍മാരുണ്ടെങ്കില്‍ അവര്‍ക്ക് പരിഗണന നല്‍കുമെന്നും സാക്ഷരതാ മിഷന്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഒരുക്ലാസ്സില്‍ പതിനഞ്ച് പേരുണ്ടെങ്കില്‍ മാത്രമേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേകം ക്ലാസ്സുകള്‍ തുടങ്ങാനാവൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം. അതില്‍ കുറവ് പഠിതാക്കളാണെങ്കില്‍ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം മാത്രമായിരിക്കും ക്ലാസ്സ്. ഈ വ്യവസ്ഥ തുടരുകയാണെങ്കില്‍ പതിനഞ്ചിലധികം പേര്‍ രജിസ്റ്റര്‍ ചെയ്ത കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഇത്തരത്തില്‍ പ്രത്യേക ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സാധിക്കുക. “പഠിക്കാനുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ടെങ്കിലും അത് സാധ്യമാവുന്ന ചുറ്റുപാടുകളിലോ സാമൂഹിക അന്തരീക്ഷത്തിലോ അല്ല കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ജീവിക്കുന്നത്” , “ട്രാസ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്രീക്കുട്ടി പറയുന്നു. സെക്ഷല്‍ ആന്‍ഡ് ജെന്‍ഡര്‍ മൈനോരിറ്റി ഫെഡറേഷന്റെ സെക്രട്ടറിയാണ് ശ്രീക്കുട്ടി.
ശ്രീക്കുട്ടിയും തുറന്നുപറയുന്നത് കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളെക്കുറിച്ചുമാണ്. താമസിക്കാന്‍ സ്ഥലമില്ലാത്തതും വരുമാനമാര്‍ഗ്ഗമില്ലാത്തതും ശ്രീക്കുട്ടിയും ആവര്‍ത്തിച്ചു. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂട്ടമായുള്ള കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെങ്കിലും സര്‍ക്കാര്‍ താമസ സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയില്‍ പറഞ്ഞ പലകാര്യങ്ങളെല്ലാം വാഗ്ദാനങ്ങള്‍ മാത്രമായിരിക്കുകയാണെന്നും സാക്ഷരതാ മിഷന്റെ പദ്ധതി മാത്രമാണ് പ്രാരംഭപ്രവര്‍ത്തനങ്ങളെങ്കിലും നടപ്പിലാക്കിയതെന്നും ശ്രീക്കുട്ടി പറയുന്നു. താമസസൗകര്യവും സാമ്പത്തിക സഹകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ മാത്രമേ ഇതിലേക്കും പഠിതാക്കളെ എത്തിക്കാന്‍ കഴിയൂ. മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള ഇടകലര്‍ന്നുള്ള പഠനത്തിലും തീരുമാനമാകേണ്ടതുണ്ട്. കാരണം സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ നേരിട്ട അവഗണന മൂലമാണ് എല്ലാവരും പഠനം നിര്‍ത്തിയത്. അതേ അവസ്ഥതന്നെ ആവര്‍ത്തിക്കേണ്ടി വന്നാല്‍ അത് പദ്ധതിയേയും കമ്മ്യൂണിറ്റിയേയും ബാധിക്കുന്നത് വിപരീതമായാവുമെന്നും ശ്രീക്കുട്ടി പറഞ്ഞു.
നയങ്ങള്‍ പലത്; തുടരുന്നത് അരക്ഷിതാവസ്ഥ
സെക്ഷ്വല്‍ ഐഡന്റിറ്റി തുറന്നു പ്രകടിപ്പിക്കുന്ന സമയം മുതല്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നവരാണ് മിക്കവരും. പിന്നീട് സമൂഹവും ഒന്നടങ്കം തിരസ്‌കരിക്കുന്നതോടെ താമസിക്കാന്‍ സ്ഥലമോ ജോലിയോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലഭിക്കുന്നില്ല. യാതൊരുതരത്തിലുമുള്ള സുരക്ഷയും ഇല്ലാതെയാണ് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ജീവിക്കുന്നത്. സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറേഴ്‌സിന് നൈറ്റ് ഷെല്‍റ്ററുകള്‍ നല്‍കുമെന്ന വാര്‍ത്തയും കേരളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ വസ്തുത മറ്റൊന്നാണ്്. സര്‍ക്കാരിന്റെ ഇത്തരം ഷെല്‍റ്ററുകള്‍ രണ്ടോ മൂന്നോ ദിവസത്തേക്കുമാത്രമുള്ളതാണ്. “സ്ഥിര താമസം എന്ന ആശയമല്ല ഇത്. അതുകൊണ്ടുതന്നെ ഈ ഷെല്‍റ്ററുകള്‍ ഞങ്ങള്‍ക്ക് ഉപയോഗപ്രദമല്ല. ക്യൂര്‍ പ്രൈഡ് നടക്കുന്ന ദിവസങ്ങളില്‍ പോലും മുറികള്‍ ലഭ്യമായിരുന്നില്ല” ട്രാന്‍സ്‌ജെന്റര്‍ പ്രതിനിധി പ്ലിങ്കു പറയുന്നു. കോഴിക്കാട് സര്‍വ്വകലാശാലയില്‍ വുമണ്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് പ്ലിങ്കു. സുഹൃത്തുക്കളുടെ കൂടെയാണ് പലരും താമസിക്കുന്നത്. ഇങ്ങനെ താമസിക്കുമ്പോള്‍ വീടിന്റെ ഉടമകള്‍ സുഹൃത്തുക്കളോടടക്കം പ്രശ്‌നമുണ്ടാക്കുന്നുണ്ട്. “കേരളത്തിലെ സര്‍ക്കാര്‍ നയ പ്രഖ്യാപനം കേട്ട് അന്യനാടുകളില്‍ നിന്നും കേരളത്തില്‍ നിന്നും മുമ്പ് നാടുകടന്ന് പോയവരും എത്തുന്നുണ്ട്. എന്നാല്‍ നയപ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിലെ അശാസ്ത്രീയതയും അപ്രായോഗികതും കാരണം എല്ലാവരും ഇപ്പോഴും തെരുവുകളില്‍ തന്നെയാണ്” , പ്ലിങ്കു പറയുന്നു.
കേരളത്തിലെ നഗരങ്ങളിലും തെരുവുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം മരണഭീതിയിലാണ് ജീവിക്കുന്നത്. ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡറായ ഗൗരി കൊല്ലപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താനോ മറ്റുള്ളവര്‍ക്ക് സംരക്ഷണം നല്‍കാനോ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഗൗരിയുടെ കൊലപാതകത്തോടെ അരക്ഷിതാവസ്ഥയും ഭീതിയും വര്‍ധിച്ചെന്നും ഇവര്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി പ്ലിങ്കു പറയുന്നതിങ്ങനെയാണ്. വധഭീഷണികളെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്നവരുടെ എണ്ണവും ചെറുതല്ല. വീട്ടില്‍ നിന്നുള്ള അവഗണനമൂലം വീടുവിട്ടിറങ്ങിയ ഇവര്‍ക്ക് ആരും താമസിക്കാന്‍ ഇടം കൊടുക്കാത്തതും വാടകവീട്ടുടമകള്‍ വീടുകള്‍ നല്‍കാന്‍ മടിക്കുന്നതും മൂലം കിടപ്പാടംപോലും ഇല്ലാത്തവരാണ് ഇവരില്‍ പലരും. അതുകൊണ്ടുതന്നെ ഏറെ അരക്ഷിതമായ രാപ്പകലുകളിലൂടെയാണ് ഓരോ ട്രാന്‍സ്‌ജെന്‍ഡറിന്റേയും ജീവിതമെന്നും പ്ലിങ്കു വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് പോളിസി, ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം, കൗണ്‍സിലിങ്, എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പ്രത്യേക ചികിത്സ സംവിധാനങ്ങള്‍ തുടങ്ങി ആരോഗ്യ രംഗത്ത് പ്രത്യക്ഷമായ പരിഗണനയോടുകൂടിയ പോളിസികളായിരുന്നു 2015 ലെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി രൂപപ്പെടുത്തിയതുമുതല്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇടതുപക്ഷസര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ നയപ്രഖ്യാപനം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കാതെയുള്ള നയരൂപീകരണം അപ്രായോഗികമായി. കേരളത്തിലെ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങള്‍ ഇല്ല. എന്നാല്‍ ഇതര സംസ്ഥാന ആശുപത്രികളിലെ ചികിത്സാചെലവിന് ആവശ്യമായി വരുന്ന 35 ലക്ഷത്തോളം രൂപയുടെ സാമ്പത്തികചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ലെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സമൂഹത്തിന്‍ മാന്യമായി ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ എന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഇപ്പോഴും പുറത്തേക്കിറങ്ങുമ്പോള്‍ ഇവര്‍ ഏറ്റവുമധികം പേടിക്കേണ്ടി വരുന്നത് പൊലീസിനെയാണ്. പൊലീസിന്റെ സദാചാരത്തിന് സര്‍ക്കാര്‍ നയം കൊണ്ടുവന്നിട്ടൊന്നും മാറ്റമില്ലെന്ന് പ്ലിങ്കു പറയുന്നു. നഗരത്തിലിറങ്ങിയാല്‍ ഇവര്‍ പിന്തുടരുന്നതും എന്തിന് പുറത്തിറങ്ങി നില്‍ക്കുന്നു എന്ന് ചോദിക്കുന്നതും പതിവാണ്. തിരിച്ചെന്തെങ്കിലും ശക്തമായി പറഞ്ഞാല്‍ ഉടനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും സഭ്യമല്ലാത്ത രീതിയില്‍ ചോദ്യം ചെയ്യുകയും ചെയ്യും. ഇത് കാലങ്ങളായി പരാതിപ്പെട്ടിട്ടും യാതൊരുമാറ്റവുമില്ലെന്നും ഇവര്‍ പറയുന്നു.
ഉഭയസമ്മതമില്ലാത്ത ലൈംഗികതയും ഉയരുന്ന ഭീഷണിയും
“ലൈംഗികതയുടെ തെരഞ്ഞെടുപ്പും ഞങ്ങള്‍ക്ക് അന്യമാണ്. താല്‍പര്യമില്ലാത്ത ലൈംഗിക ബന്ധങ്ങളിലേക്കും രീതികളിലേക്കും മര്‍ദ്ദിച്ചും നിര്‍ബന്ധിച്ചും നയിക്കുന്ന മനോഭാവത്തിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയതുകൊണ്ട് ഞങ്ങള്‍ ഇരയാക്കപ്പെടുന്നു. ലൈംഗിക തൊഴിലിന് ഇറങ്ങേണ്ടിവരുന്നവര്‍ക്ക് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടേണ്ടി വരുന്നത്. ദയവായി പേരുവെളിപ്പെടുത്തരുത്. ഇപ്പോള്‍ത്തന്നെ ഒരുപാട് ഭീഷണികളിലാണ് ജീവിക്കുന്നത്. എന്തെങ്കിലും ജോലി കിട്ടിയാല്‍ ഈ പണി ഉപേക്ഷിക്കാന്‍ തയ്യാറാണ്. പക്ഷേ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് അറിയുമ്പോള്‍ ആരും ജോലി തരാന്‍ തയ്യാറല്ല. പറഞ്ഞു പറഞ്ഞ് മടുത്തു” പേരുവെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു എറണാകുളംകാരി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും പൊതുസമൂഹവും പൊലീസും സ്വീകരിക്കുന്ന ഹിംസാത്മക പ്രവണതയാണ് ഇന്നും അന്യരാക്കി നിര്‍ത്തുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തന്നെ തുറന്ന് പറയുന്നു.
ഏകദേശം ഇരുപതുലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇന്ത്യയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2014ല്‍ ഇവര്‍ക്ക് തുല്യ അവകാശം നല്‍കിക്കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. തുല്യതയ്ക്ക് പുറമെ പാരമ്പര്യ സ്വത്തിലുള്ള അവകാശം, വൈവാഹിക ജീവിതത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനും തൊഴിലിടങ്ങളിലും സംവരണം തുടങ്ങിയവയും കോടതി നിയമംമൂലം അംഗീകരിച്ചവയാണ്. എന്നിട്ടും കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം മരണഭീതിയിലാണ് ജീവിക്കുന്നത്.