മതമെന്ന ലഹരിയില്‍ അത്ഭുതപ്രവര്‍ത്തികള്‍ കൂടി ഉള്‍പ്പെടുത്തി ഭക്തി വ്യവസായം ഏറ്റവും ശക്തി പ്രാപിക്കുന്ന ഒന്നാണ്. ഇന്ത്യ ഇന്ന് ആത്മീയ വ്യാപാരത്തിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റും.
Film Review: ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ കാള്‍ മാര്‍ക്‌സ് പറഞ്ഞ വാചകമാണിത്. മതത്തിനോളം ലഹരി പകരുന്ന മറ്റൊന്നുമില്ല. ഈ ലഹരിയില്‍ നിന്നുള്ള ഭക്തിയാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ വ്യവസായം.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഇത്തരമൊരു കഥ പറയാന്‍ കാണിച്ച ധൈര്യത്തിന് അന്‍വര്‍ റഷീദിന് കൈയ്യടിച്ചേ മതിയാകു. തിരുവനന്തപുരത്തിനും അപ്പുറത്ത് കന്യാകുമാരിയിലെ വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്ന് പാസ്റ്റര്‍ ജ്വോഷ കാള്‍ട്ടന്‍ എന്ന ആത്മീയ വ്യാപാരിയിലേക്ക് ഉള്ള വളര്‍ച്ചയാണ് ട്രാന്‍സ് പറയുന്നത്.
എട്ടുവര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു സിനിമയുമായി എത്തുന്നത്. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാപശ്ചാലത്തിലത്തില്‍ നിന്നുകൊണ്ടുള്ള അവതരണമാണ് ട്രാന്‍സില്‍ അന്‍വര്‍ നടത്തിയിരിക്കുന്നത്.
ഇന്ന് ഏറ്റവും വലിയ വ്യവസായമായി വളരുന്ന ഒന്നാണ് ആത്മീയ വ്യാപാരം, ബ്രദറുമാരും അമ്മമാരും ബാബമാരും യോഗിമാരും മുതലാക്കുന്നത് മതമെന്ന ലഹരിയെയാണ്. റിയാലിറ്റിയെക്കാള്‍ ആത്ഭുതങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മനുഷ്യരില്‍ ബഹുഭൂരിപക്ഷവും.
അത് കൊണ്ട് തന്നെ ഈ മതമെന്ന ലഹരിയില്‍ അത്ഭുതപ്രവര്‍ത്തികള്‍ കൂടി ഉള്‍പ്പെടുത്തി ഭക്തി വ്യവസായം ഏറ്റവും ശക്തി പ്രാപിക്കുന്ന ഒന്നാണ്. ഇന്ത്യ ഇന്ന് ആത്മീയ വ്യാപാരത്തിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റും.
ഈ വ്യാപാരം അതി ശക്തമായി വേരോട്ടം പിടിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ക്ക് അധികം ദൂരത്തേക്ക് ഒന്നും പോകേണ്ട. കൊറോണ വൈറസ് ബാധ സംശയിച്ച മലയാളി വിദ്യാര്‍ത്ഥിനി ചികിത്സ ആവശ്യമില്ലെന്നും പ്രാര്‍ത്ഥനയിലൂടെ രോഗം മാറ്റുമെന്നും പറഞ്ഞിട്ട് ആധിക കാലമായിട്ടില്ല.
രോഗം മാറാന്‍ പത്രം പൊതിഞ്ഞുവെയ്ക്കുന്നതും എണ്ണകളും വെള്ളവും കുടിക്കുന്നതും സര്‍വ്വസാധാരണ കാഴ്ചയാണ്. ശരിക്കും ഒരുപാട് കുരുക്കള്‍ പൊട്ടാനുള്ള വകുപ്പ് സിനിമയില്‍ ഉണ്ട്.
ഒരു വിമാന യാത്രയോട് വളരെ ലളിതമായി ഉപമിക്കാന്‍ കഴിയുന്നതാണ് ചിത്രത്തിന്റെ തിരക്കഥ, വിജു പ്രസാദിന്റെ ജീവിതവും അയാള്‍ പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടനായി മാറുന്നതും മറ്റുമായുള്ള ഒരു മികച്ച ടേക്ക് ഓഫ് ചിത്രത്തിന്റെ ആദ്യ പകുതി. എന്നാല്‍ കൊണ്ടുപോയി ഇറക്കണമെന്ന് അറിയാതെ കുത്തിയറക്കിയ വിമാനത്തിന്റെ അവസ്ഥപോലെയായിരുന്നു രണ്ടാം പകുതി. ചിലയിടത്ത് എങ്കിലും ലാഗ് അനുഭവപ്പെടുന്നുണ്ട്.
സുഷിന്‍ ശ്യാം, ജാക്‌സണ്‍ വിജയന്‍ ടീമിന്റെ ബി.ജി.എമ്മും ജാക്‌സണിന്റെ സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേര്‍ന്നുനിന്നു. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും കൈയ്യടി അര്‍ഹിക്കുന്നു.
അമല്‍ നീരദിന്റെ ഛായാഗ്രഹണത്തെ കുറിച്ച് വിശദീകരിച്ച് പറയണമെന്ന് തോന്നുന്നില്ല. എങ്കിലും മീനുകളുടെയും ട്രാന്‍സ് മൂഡിലുള്ള ചില ഷോട്ടുകളും അതി ഗംഭീരമായി.
സിനിമയിലേക്ക് വരികയാണെങ്കില്‍ ഫഹദിന്റെ ഒരു വണ്‍ മാന്‍ ഷോയാണ് ചിത്രമെന്ന് പറയാം. വിജു പ്രസാദ് എന്ന ജീവിതത്തില്‍ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന സാധാരണക്കാരനായ യുവാവില്‍ നിന്ന് പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടന്‍ ആയിട്ടുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ എല്ലാം അപാരമാണ്.
എടുത്ത് പറയേണ്ട രണ്ട് പേര്‍ വിനായകനും ശ്രീനാഥ് ഭാസിയുമാണ്. കുറഞ്ഞ സീനുകളിലാണെങ്കില്‍ പോലും അതി ഗംഭീരമായി രണ്ട് പേരും തങ്ങളുടെ റോള്‍ ചെയ്തിട്ടുണ്ട്. ചിത്രം കഴിഞ്ഞ് തിരികെയിറങ്ങുമ്പോള്‍ ഇവരുടെ രണ്ട് പേരുടെയും കഥാപാത്രങ്ങള്‍ ഒരു ചെറിയ നോവായി കുടെയുണ്ട്.
ഗൗതം വാസുദേവ മേനോന്റെ കോര്‍പ്പറേറ്റ് സൈറ്റിലിഷ് വില്ലനും കൈയ്യടി അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ചെമ്പന്‍ വിനോദിനും നസ്രിയയ്ക്കും ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.
ദിലീഷ് പോത്തന്റെയും സൗബിന്റെയും റോളുകള്‍ മികച്ചതാക്കി, ഇരുവരും തിയേറ്ററില്‍ ചിരിഉയര്‍ത്തുന്നുണ്ട്. എങ്കിലും സൗബിന്റെ കഥാപാത്രം ഒരു മിസ്‌കാസ്റ്റിഗ് ആയി ഇടയ്ക്ക് എങ്കിലും അനുഭവപ്പെട്ടു. ജോജു, ധര്‍മ്മജന്‍, കരിക്ക് ടീം, ഉണ്ണിമായ തുടങ്ങി ഇടയ്ക്ക് വന്നുപോകുന്ന ഒരുപാട് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.
ചുരുക്കത്തില്‍ തിയേറ്ററില്‍ നിന്ന് അനുഭവിച്ച് അറിയേണ്ട, മലയാള സിനിമയിലെ പുതിയ ഒരു ചുവട് വെപ്പ് തന്നെയാണ് അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്.