Entertainment
മമ്മൂക്കയുടെ ഇന്റലിജന്‍സ് വേണമെന്ന് ആഗ്രഹമുണ്ട്; ലാലേട്ടനില്‍ നിന്ന് എനിക്ക് വേണ്ടത് മൂന്ന് കാര്യങ്ങള്‍: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 25, 02:09 pm
Wednesday, 25th September 2024, 7:39 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ഇപ്പോള്‍ മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും താന്‍ മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് പറയുകയാണ് ടൊവിനോ. മമ്മൂട്ടിയില്‍ നിന്ന് തനിക്ക് വേണ്ടത് അദ്ദേഹത്തിന്റെ ഇന്റലിജന്‍സാണെന്നാണ് നടന്‍ പറയുന്നത്.

ഇന്‍ഡസ്ട്രി മാറുന്നതിന് അനുസരിച്ച് മമ്മൂട്ടിക്ക് സ്വയം മാറാനും ചോയ്‌സ് മാറ്റാനുമുള്ള കഴിവുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. മോഹന്‍ലാലിനുള്ള ശാന്തത തനിക്ക് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.

‘മമ്മൂക്കയില്‍ നിന്ന് അദ്ദേഹത്തിന്റെ മുഴുവന്‍ കാറും അടിച്ചുമാറ്റാം (ചിരി). തമാശക്ക് പറയുകയാണെങ്കില്‍ മമ്മൂക്കയുടെ കാറും വീടും പണവും എന്നെല്ലാം പറയാം. പക്ഷെ മമ്മൂക്കയില്‍ നിന്ന് എനിക്ക് വേണ്ടത് അദ്ദേഹത്തിന്റെ ഇന്റലിജന്‍സാണ്.

വളരെ ഇന്റലിജന്റായ ഒരു മനുഷ്യനാണ് മമ്മൂക്ക. ഇന്‍ഡസ്ട്രി മാറുന്നതിന് അനുസരിച്ച് സ്വയം മാറാനുള്ള കഴിവും ചോയ്‌സ് മാറ്റാനുള്ള കഴിവുമൊക്കെ അടിപൊളിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇന്റലിജന്‍സാണ് ഞാന്‍ മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്.

ലാലേട്ടനില്‍ നിന്ന് എന്താണ് മോഷ്ടിക്കാന്‍ ആഗ്രഹമെന്ന് ചോദിച്ചാല്‍ അത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ചാം ആണ്. പിന്നെ ലാലേട്ടന്റെ അഭിനയം മോഷ്ടിക്കാന്‍ ആഗ്രഹമുണ്ട്. ഓരോ കാര്യങ്ങളെയും അദ്ദേഹം നോക്കി കാണുന്ന ഒരു രീതിയുണ്ട്.

ലാലേട്ടന് എപ്പോഴും ഒരു ശാന്തതയുണ്ട്. അതൊക്കെ ശരിക്കും ഒരാള്‍ക്ക് സ്‌ട്രെങ്ത്താകുന്ന കാര്യമാണ്. ആ ശാന്തത എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.


Content Highlight: Tovino Thomas Talks About Mohanlal And Mammootty