Entertainment
കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നെന്ന് തോന്നുമ്പോള്‍ ഞാന്‍ ചെയ്യുന്ന ട്രിക്ക് അതാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 28, 07:07 am
Saturday, 28th September 2024, 12:37 pm

പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവന്‍ത്ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുന്‍നിര നായക നടനായി മാറുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടി കൊടുത്തു.

ഇന്നിപ്പോള്‍ തിയേറ്ററില്‍ തകര്‍ത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ കയ്യടി നേടുകയാണ് ടൊവിനോ. ആദ്യകാലങ്ങളിലെല്ലാം സിനിമയില്‍ ഒരു ചാന്‍സ് കിട്ടാന്‍ വേണ്ടി അദ്ദേഹം കുറെ അലഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹത്തെ ഒന്ന് കാണാന്‍ വേണ്ടി പലപ്പോഴും ജനസാഗരമാണ് ഒത്തുകൂടുന്നത്.

ചില സമയങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റാറില്ലെന്നും അപ്പോഴൊക്കെ കാലിനടിയില്‍ നിന്ന് മണ്ണ് ഒലിച്ച് പോകുന്നത് പോലെയാണ് തോന്നാറെന്നും ടൊവിനോ തോമസ് പറയുന്നു.

എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുന്ന അത്തരം അവസരങ്ങളില്‍ താന്‍ ഒരു ട്രിക്ക് ഉപയോഗിക്കാറുണ്ടെന്നും വെറുതെ ചിരിച്ചുകൊണ്ട് നില്‍ക്കുന്നതാണ് ആ അടവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില സമയത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റാതെയാകും. കാലിന്റെ അടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് പോലെ ആകും അപ്പോള്‍ തോന്നുക. നമുക്ക് എന്ത് ചെയ്യണം, എങ്ങനെ ആ സാഹചര്യം ഹാന്‍ഡില്‍ ചെയ്യണം എന്നൊന്നും അറിയാത്ത അവസ്ഥ വരും. അപ്പോള്‍ ഞാന്‍ പഠിച്ച് വെച്ചിരിക്കുന്ന ട്രിക്ക് എന്താണെന്ന് വെച്ചാല്‍, ചുമ്മാ ഇങ്ങനെ ചിരിച്ചുകൊണ്ട് നില്‍ക്കുക എന്നുള്ളതാണ്,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Handling Crowd