കറങ്ങുന്ന ഫാന്‍ പിടിച്ചു നിര്‍ത്തിയതും റിങ്ങ് എറിഞ്ഞു വീഴ്ത്തിയതും ഞാന്‍ തന്നെ; മിന്നലിലെ ഗ്രാഫിക്‌സ് ഉപയോഗിക്കാത്ത രംഗങ്ങളെ കുറിച്ച് ടൊവിനോ
Entertainment news
കറങ്ങുന്ന ഫാന്‍ പിടിച്ചു നിര്‍ത്തിയതും റിങ്ങ് എറിഞ്ഞു വീഴ്ത്തിയതും ഞാന്‍ തന്നെ; മിന്നലിലെ ഗ്രാഫിക്‌സ് ഉപയോഗിക്കാത്ത രംഗങ്ങളെ കുറിച്ച് ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd January 2022, 9:26 pm

സൂപ്പര്‍ ഹീറോ സിനിമയായിരുന്നെങ്കിലും അധികം വി.എഫ്.എക്‌സ് ഉപയോഗിക്കാത്ത സിനിമയായിരുന്നു മിന്നല്‍ മുരളി. നാട്ടിന്‍പുറത്ത് നടക്കുന്ന കഥയായത് കൊണ്ട് അത് എളുപ്പവുമായി. സാധാരണ ഫാന്റസി സിനിമകളില്‍ ഏറ്റവുമധികം പഴി കേള്‍ക്കാന്‍ സാധ്യതയുള്ള മേഖലയാണ് വി.എഫ്.എകസ്. എന്നാല്‍ ഉപയോഗിച്ചിടത്ത് കൃത്യമായി ഉപയോഗിക്കുന്നതിലും ബാക്കിയുള്ളിടത്ത് മനുഷ്യാധ്വാനം തന്നെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിലും മിന്നല്‍ മുരളി വിജയിച്ചു.

ആശുപത്രിയില്‍ വെച്ച് താഴെ പോയ ഫ്‌ളാസ്‌ക് കാല് കൊണ്ട് തിരികെ തട്ടിയിടുന്ന സീനൊക്കെ യഥാര്‍ത്ഥത്തില്‍ ചെയ്തതാണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല.

അതുപോലെ കറങ്ങുന്ന ഫാന്‍ പിടിച്ചു നിര്‍ത്തിയതും പുട്ടുകുറ്റിയിലേക്ക് നോക്കാതെ റിങ്ങ് എറിഞ്ഞു വീഴ്ത്തിയതുമെല്ലാം താന്‍ തന്നെയെന്ന് പറയുകയാണ് ടൊവിനോ തോമസ്. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമക്ക് വേണ്ടി ചെയ്ത ട്രിക്ക്‌സിനെ പറ്റി ടൊവിനോ പറഞ്ഞത്.

‘മിന്നല്‍ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്‌സ് പഠിച്ചിരുന്നു. ഫാന്‍ പിടിച്ചു നിര്‍ത്തുന്ന സീന്‍ കംമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ല. അത് മനുഷ്യനെ കൊണ്ട് സാധ്യമായ കാര്യമാണ്. ഞാന്‍ തന്നെ ഫാന്‍ പിടിച്ചുനിര്‍ത്തിയതാണ്.

ചേച്ചിക്ക് എന്താ വേണ്ടത് പുട്ടുകുറ്റിയോ എന്ന ചോദിച്ച് റിങ്ങ് പുട്ടുകുറ്റിയിലേക്ക് തന്നെ നോക്കാതെയാണ് എറിയുന്നത്. ആദ്യ ടേക്കില്‍ ഒകെയായത് അല്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേക്കിലാണത് വീണത്. അത് കുറച്ച് ഭാഗ്യവും, കുറച്ച് ട്രെയിനിംഗുമാണ്,’ ടൊവിനോ പറഞ്ഞു.

‘മിന്നല്‍ മുരളിയുടെ കഥ പറയുമ്പോള്‍ തന്നെ ഇങ്ങനത്തെ കുറച്ച് ട്രിക്ക്‌സ് പഠിച്ച് വെക്കണമെന്ന് ബേസില്‍ പറഞ്ഞിരുന്നു. വെള്ളക്കുപ്പി എറിഞ്ഞ് നേരെ നിര്‍ത്തുക, അല്ലെങ്കില്‍ എന്തെങ്കിലും ഉന്നം നോക്കുക അങ്ങനെയുള്ള സ്‌കില്‍സൊക്കെ ചെയ്തിരുന്നു. ഇതൊന്നും ആന സ്‌കില്‍സല്ല. കുഞ്ഞു കുഞ്ഞു സ്‌കില്‍സിനെയൊക്കെ ഷാര്‍പ്പണ്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു.

നമ്മുടെ ലിമിറ്റ്‌സ് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്ന റിസല്‍ട്ട് കൂടുതല്‍ ലിമിറ്റ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കും,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

കളയുടെ ഇടയില്‍ ഉണ്ടായ അപകടത്തിന്റെ ആഘാതം അവിടെ നിന്നത് തന്റെ ശരീരം അത്ര ഫിറ്റായത് കൊണ്ടാണ്. ആരോഗ്യകരമല്ലാത്ത ബോഡി ബില്‍ഡിംഗിന് എതിരാണ്. ശരീരത്തിന്റെ ഭംഗിയിലല്ല, ആരോഗ്യത്തിലാണ് കാര്യം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ടൊവിനോ പറഞ്ഞു.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tovino thomas tailks about his hard work for minnal murali