Entertainment news
'അങ്ങനെയൊന്നും ചെയ്താല്‍ ഞാന്‍ ലാലേട്ടനാവില്ല': തന്നെ മോഹന്‍ലാലുമായി സാമ്യപെടുത്തുന്നവരോട് ടൊവിനോയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 13, 01:49 pm
Monday, 13th June 2022, 7:19 pm

ടൊവിനോ തോമസിനേയും കീര്‍ത്തി സുരേഷിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കും മോഹന്‍ലാലിനുമുള്ള സാമ്യത്തെ പറ്റി ചോദിച്ച അവതാരകക്ക് ടൊവിനോ മറുപടി കൊടുത്തത്.

മോഹന്‍ലാലിനെ പോലെ ആദ്യം വില്ലന്‍ വേഷത്തില്‍ എത്തി പിന്നീട് വര്‍ഷം നാലും, അഞ്ചും സിനിമകള്‍ ചെയ്യുന്ന രീതിയില്‍ ടൊവിനൊ മാറിയല്ലോ അത്തരത്തില്‍ ഒരു സാമ്യം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി പറഞ്ഞത്.

‘അങ്ങനെ ഒന്നും ചെയ്താല്‍ മോഹന്‍ലാലാവില്ല. ലാലേട്ടനോട് ഉപമിക്കുന്നത് എനിക്ക് കേള്‍ക്കാന്‍ സന്തോഷമുണ്ടെങ്കിലും ഇത് കേള്‍ക്കുന്നവര്‍ വിചാരിക്കും ഇന്നലെ വന്ന ടൊവിനൊയെ ലാലേട്ടനുമായാണോ താരതമ്യം ചെയ്യുന്നതെന്ന്. അങ്ങനെ ഒന്നുമില്ല, മനപൂര്‍വം അങ്ങനെ ഒരു പാറ്റേണും പിന്തുടര്‍ന്നിട്ടില്ല. യാദൃച്ഛികമായി വില്ലന്‍ വേഷം ചെയ്തതാണ്’; ടൊവിനോ പറയുന്നു

‘അങ്ങനെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത എന്നെ ലാലേട്ടനെ പോലെ ഇത്രയും സിനിമകള്‍ ചെയ്ത ഒരു നടനയുമായി താരതമ്യം ചെയ്യുന്നത് എനിക്ക് കേള്‍ക്കാന്‍ സന്തോഷമാണെങ്കിലും പക്ഷെ അദ്ദേഹത്തിനെ കൊച്ചാക്കുന്ന പോലെയാണ്’; ടോവിനോ കൂട്ടിച്ചേര്‍ത്തു

വാശിയില്‍ അഡ്വ. എബിനും, അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് വാശി നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

Content Highlight : Tovino Thomas Replied to those who compare him to Mohanlal