നടൻ വിക്രത്തെ നേരിട്ട് കണ്ടത് തനിക്ക് മറക്കാനാവാത്ത അനുഭവമെന്ന് നടൻ ടൊവിനോ തോമസ്. വിക്രത്തിന്റെ അഭിനയത്തിന് മുൻപിൽ തന്നെ ഒരു നടൻ എന്ന് വിളിക്കാനാവില്ലെന്നും മുറിയിൽ വന്ന് തന്റെ സിനിമകളെപ്പറ്റി അഭിപ്രായം പറഞ്ഞത് വളരെ വലിയൊരു കാര്യമാണെന്നും ടൊവിനോ പറഞ്ഞു. 2018 എന്ന വിജയ ചിത്രം തമിഴിൽ ഇറങ്ങുന്നതിനെ സംബന്ധിച്ച് ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സംവിധായകൻ ജൂഡ് ആന്തണി ജോസഫും അഭിമുഖത്തിൽ പങ്കെടുത്തു.
‘നീലവെളിച്ചത്തിന്റെയും 2018 ന്റെയും പ്രൊമോഷന്റെ ഭാഗമായി എനിക്ക് കൊച്ചിയിൽ ക്രൗൺപ്ലാസയിൽ തങ്ങേണ്ടി വന്നു. അന്ന് പി.എസ് 2 ന്റെ പ്രൊമോഷനുവേണ്ടി വിക്രം സർ അവിടെ വന്നിട്ടുണ്ടായിരുന്നു. തൊട്ടടുത്ത മുറി ആയിരുന്നു, അതെനിക്ക് അറിയില്ലായിരുന്നു. വിക്രം സർ കോറിഡോറിൽ ഉണ്ടെന്ന് ഒരാൾ വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി. ഞാൻ അദ്ദേഹത്തോട് ഹായ് പറഞ്ഞു. പക്ഷെ എന്നെ പെട്ടെന്ന് കണ്ടിട്ട് അദ്ദേഹത്തിന് മനസിലായില്ല. പക്ഷെ, വെറും രണ്ട് സെക്കൻഡ് പോലും എടുക്കേണ്ടി വന്നില്ല പിന്നീട് എന്നെ മനസിലാക്കാൻ. അദ്ദേഹം എന്റെ അടുത്തെത്തി എന്നെ കെട്ടിപ്പിടിച്ചു. അദ്ദേഹം എന്റെ റൂം എവിടെയാണെന്ന് തിരക്കി, എന്റെകൂടെ റൂമിൽ വരികയും ചെയ്തു.
വിക്രം സാർ മറ്റൊരു പരിപാടിക്ക് പോകുന്ന വഴി ആയിരുന്നു. അപ്പോഴാണ് എന്നെ കണ്ടത്. എന്റെ കൂടെ വരികയും പത്ത് മിനിറ്റ് എന്റെകൂടെ ചെലവഴിക്കുകയും ചെയ്തത് എന്നെ സംബന്ധിച്ചെടുത്തോളം വളരെ വലിയൊരു അനുഭവമാണ്. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഞാൻ വളരെ ജൂനിയർ ആയിട്ടുള്ള നടനാണ്. അദ്ദേഹത്തിന് മുൻപിൽ ഞാൻ ഒരു നടൻ പോലുമല്ല. എന്റെ സിനിമകൾ ഒക്കെ അദ്ദേഹം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു, അഭിപ്രായവും പറഞ്ഞു. ഞാൻ അന്യൻ 15 തവണ കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു (ചിരിക്കുന്നു).
ഇതിന് മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം എന്നെ കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. 2016ൽ ഫിലിം ഫെയർ അവാർഡ് ചടങ്ങിൽ ഞാൻ അദ്ദേഹത്തിന്റെകൂടെ ഫോട്ടോയൊക്കെ എടുത്തിട്ടുണ്ട്. എനിക്ക് അതൊരു ഫാൻ ബോയ് മൊമെന്റ് ആയിരുന്നു,’ ടൊവിനോ പറഞ്ഞു.
അഭിമുഖത്തിൽ എൽ.സി.യു. (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) വിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ വളരെസന്തോഷം ആയിരിക്കുമെന്ന് ടൊവിനോ പറഞ്ഞു. തന്റെ പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പോസ്റ്റർ തമിഴിൽ റിലീസ് ചെയ്തത് സംവിധായകൻ ലോകേഷ് ആയതുകൊണ്ട് എൽ. സി. യു ചിത്രത്തിൽ താൻ ഉണ്ടാകുമോ എന്നതിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു താരം.
‘അജയന്റെ രണ്ടാം മോഷണം മറ്റൊരു കാലഘട്ടത്തെ പ്രധിനിധീകരിച്ചുള്ള സിനിമയാണ്. അത് എൽ. സി. യു അല്ല. ലോകേഷ് സാറിന്റെ കൂടെ ഒരു ചിത്രം ചെയ്യാൻ അവസരം ലഭിച്ചാൽ എനിക്ക് വളരെ സന്തോഷമായിരിക്കും. പക്ഷെ ഡേറ്റ് ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ ഒത്തുവരണ്ടേ. ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ ഡേറ്റ് കിട്ടിയാൽ അങ്ങനെ ഒരു ചിത്രം ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമാണ്,’ ടൊവിനോ പറഞ്ഞു.