മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്.1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. മണ്ണിന്റെ മണമുള്ള സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയതില്‍ ഏറെയും.
സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു അന്തരിച്ച അഭിനേതാക്കളായ ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍. അവരുടെ വേര്‍പാടിനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.
‘എനിക്ക് ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത അങ്ങനെയുള്ള ആള്‍ക്കാര്‍ ഉണ്ടായാല്‍ ഞാന്‍ കഥകളുണ്ടാക്കും. അങ്ങനെയാണ് സന്ദേശവും പൊന്‍മുട്ടയിടുന്ന താറാവുമൊക്കെ ഉണ്ടാക്കിയിട്ടുള്ളത്. അതിലൊന്നും വലിയ താരഭാരങ്ങളില്ല. ആ സമയത്തൊന്നും ജയറാം ഒരു താരമായിരുന്നില്ലല്ലോ. അങ്ങനൊന്ന് പരീക്ഷിക്കാനുള്ള അന്തരീക്ഷമില്ലാതായി എന്നത് സത്യമാണ്.
അവരാരും ഇന്നില്ല എന്നതൊരു ശൂന്യതയാണ്. ഇനിയെങ്ങനെ സിനിമയെടുക്കും എന്നൊരിക്കലും ചിന്തിക്കാന്‍ പാടില്ല. പുതിയ വിഷയങ്ങളുണ്ടാക്കുകയും അതിന് തക്കതായ ആള്‍ക്കാരെ കണ്ടെത്തുകയും ചെയ്യുകയെന്നത് നമ്മുടെ ജോലികൂടിയാണ്. ആ ജോലിയുടെ ഭാരം കൂടിയെന്നുള്ളത് സത്യമാണ്.
മറ്റേത് ഒരു ക്യാരക്ടര്‍ രൂപപ്പെട്ടു കഴിഞ്ഞാല്‍ ഇത് ഇന്നസെന്റ്, അത് ഓക്കെയായി, മറ്റേത് ലളിത ചെയ്യും, അത് ഗാരന്റീഡ് ആണ്. ഈ മിസ്സിങ്ങിന്റെ ഇടയിലും എനിക്കുള്ള ഒരു സമാധാനം എന്ന് പറയുന്നത് ഇവര്‍ക്കെല്ലാം നല്ല ആരോഗ്യമുള്ള സമയത്ത്, അവര്‍ വളരെ സജീവമായി നില്‍ക്കുന്ന സമയത്ത് അവരെ മാക്സിമം ഉപയോഗിക്കാന്‍ സാധിച്ചുവെന്നുള്ളതാണ്. അതൊരു ഭാഗ്യമാണ്. പലര്‍ക്കും ഇത് സാധിച്ചിട്ടില്ല.
ഫിലോമിനയായാലും അല്ലെങ്കില്‍ ലളിതച്ചേച്ചിയായാലും വളരെ ആരോഗ്യത്തോടെയിരിക്കുന്ന സമയത്ത് വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ഇവരിലൂടെ കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു. പതുക്കെ പതുക്കെയാണ് ഓരോരുത്തരും പിന്‍വാങ്ങിയത്.
ഞാന്‍ ഇന്നസെന്റിനോടും ലളിതച്ചേച്ചിയോടുമൊക്കെ പറയാറുണ്ട്, ‘ഒരു ക്യാമറ ഒരു പാടത്തോ അല്ലെങ്കില്‍ പറമ്പിലോ കൊണ്ടുവെച്ചാല്‍ മുണ്ടിന്റെ തലപ്പും പിടിച്ച് ശങ്കരാടി നടന്നുവരുന്നതുപോലെയൊക്കെ എനിക്ക് ഫീല്‍ചെയ്യും. അപ്പുറത്ത് ബീഡിയും വലിച്ച് ഒടുവില്‍ വരുന്നതുപോലെ തോന്നും’ എന്ന്.
അവരുണ്ടങ്കില്‍ അവിടെ ക്യാരക്ടര്‍ ഉറപ്പാണ്. കഥാപാത്രം സിനിമയില്‍ ഇല്ലെങ്കില്‍പോലും നമ്മളവരെ അതില്‍ ഉള്‍പ്പെടുത്തും. കാരണം ഇവരൊക്കെ ഉണ്ടാവുക എന്നത് എന്റെയൊരു ആഘോഷം കൂടിയായിരുന്നു. ആ മിസ്സിങ് എന്ന് പറയുന്നത് എന്നെ ശരിക്കും ബാധിക്കുന്നുണ്ട്,’ സത്യന്‍ അന്തിക്കാട് പറയുന്നു.