Entertainment
വഴക്ക് കൂടിയാലും ഞങ്ങൾ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകില്ല: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 17, 07:34 am
Wednesday, 17th May 2023, 1:04 pm

നടനും സംവിധായകനുമായ ബേസിൽ ജോസഫുമായുള്ള അനുഭവങ്ങൾ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. എത്രയൊക്കെ വഴക്ക്‌ കൂടിയാലും ബേസിൽ ജോസഫുമായുള്ള ബന്ധം പെട്ടെന്ന് മുറിഞ്ഞ്‌ പോകില്ലെന്ന് താരം പറഞ്ഞു. പരസ്പരം നന്നായി മനസിലാക്കൻ കഴിയുന്നവരാണ് തങ്ങളെന്ന് മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്. ഇപ്പോൾ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ തമ്മിൽ എപ്പോഴും കോണ്ടാക്റ്റ് ഉള്ളവരാണ്. ഒന്ന് വഴക്ക് കൂടിയാലും എന്നന്നേക്കുമായി ബന്ധം മുറിഞ്ഞ്‌ പോകില്ല എന്ന് വളരെ ഉറപ്പുള്ള ആളുകളാണ്.

അവന്റെ ഡയറക്ഷനിൽ അഭിനയിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. അതിൽ അവനൊരു കോൺഫിഡൻസും ഉണ്ട്.
മിന്നൽ മുരളിയുടെ സെറ്റിൽവെച്ച് അവൻ പഴം കഴിക്കുന്ന വീഡിയോയിൽ എത്ര നിഷ്കളങ്കനാണ്. പക്ഷെ അതിൽ കാണുന്നത് പോലെ അത്ര ഇന്നസെന്റ് ഒന്നും അല്ല അവൻ (ചിരിച്ചുകൊണ്ട്). അത് ഞാൻ എടുത്ത ക്യാമറ ആംഗിളിന്റെയാണ്.

ബേസിൽ സുൽത്താൻ ബത്തേരിയിൽ നിന്നുമാണ് വരുന്നത്, ഞാൻ ഇരിങ്ങാലക്കുടയിൽ നിന്നും. ഞങ്ങൾ ഈ നാട്ടിൻപുറത്തുകാർക്ക് അങ്ങോട്ടും ഇങ്ങോട്ടും പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും.

അവൻ ഇപ്പോൾ മികച്ച സംവിധായകനുള്ള ഏഷ്യൻ അവാർഡൊക്കെ വാങ്ങിച്ചിട്ട് തിരിച്ച് വന്നു. അപ്പോഴും പഴയ ബേസിൽ ജോസഫ് ആയിട്ട് തന്നെ നിൽക്കുവാണ്. അതിനുകാരണം അവൻ അവന്റെ വഴിയിൽ തന്നെ ഉറച്ച് നിൽക്കുന്നതുകൊണ്ടാണ്. എനിക്ക് അത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. അവന്റെ അച്ഛനുമായിട്ട് ഞാൻ വിളിച്ച് സംസാരിക്കാറുണ്ട്. ഞങ്ങൾ കുടുംബമായിട്ടും നല്ല അടുപ്പമുണ്ട്.
ചിലപ്പോൾ സമപ്രായക്കാർ ആയതുകൊണ്ടോ, ഒരേ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നതുകൊണ്ടോ ആവാം,’ ടൊവിനോ പറഞ്ഞു.

അഭിമുഖത്തിനിടെ തല്ലുമാലയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ചിത്രത്തിൽ താൻ നൃത്തം ചെയ്യുന്നതായി അഭിനയിക്കുകയായിരുന്നുന്നെന്നും അതുവരെ തനിക്ക് നൃത്തം ചെയ്യാൻ കഴിയില്ല എന്നാണ് കരുതിയിരുന്നതെന്നും താരം പറഞ്ഞു.

‘തല്ലുമാല എന്ന ചിത്രം എന്റെ കണ്ണ് തുറപ്പിച്ചു. കാരണം, എനിക്ക് ഡാൻസ് കളിക്കാൻ പറ്റില്ലെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. ഇപ്പോഴും ഞാൻ നന്നായി ഡാൻസ് കളിക്കും എന്നല്ല ഞാൻ പറഞ്ഞത്. ഞാൻ അതിൽ ഡാൻസ് കളിക്കുന്നതായിട്ട് അഭിനയിക്കുകയായിരുന്നു. ആളുകളെ ഞാൻ ഡാൻസ് കളിക്കുകയാണെന്ന് തോന്നിപ്പിക്കാൻ എനിക്ക് പറ്റിയല്ലോ. ഞാൻ കുറച്ച് ദിവസം പ്രാക്ടീസ് ചെയ്തിട്ടാണ് അത് അവതരിപ്പിച്ചത്. കാഴ്ചയിൽ അപാകതയില്ലാതെ അത് അവതരിപ്പിക്കാൻ കഴിഞ്ഞത് എനിക്ക് ഒരു ബൂസ്റ്റർ ഡോസ് ആണ്,’ ടൊവിനോ പറഞ്ഞു.

Content Highlights: Tovino Thomas on Basil Joseph