Film News
ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും ഒ.ടി.ടിയിലേക്ക്; തീയതി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 02, 08:40 am
Saturday, 2nd March 2024, 2:10 pm

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് എട്ട് മുതല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ്ങ് ആരംഭിക്കും.

തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം, എന്നിവര്‍ക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ഥ് ആനന്ദ് കുമാറും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ഫെബ്രുവരി ഒമ്പതിനായിരുന്നു തിയേറ്റര്‍ റിലീസ് ചെയ്തത്.

ജിനു വി. എബ്രഹാമിന്റേതാണ് തിരകഥയും സംഭാഷണവും. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി അന്വേഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ ചെറുവള്ളി പൊലീസ് സ്റ്റേഷന്‍ എസ്.ഐ. ആനന്ദ് നാരായണനെയാണ് ടൊവിനോ അവതരിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ആദ്യ മലയാള ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.

‘കല്‍ക്കി’, ‘എസ്ര’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് അവതരിപ്പിച്ചത്.

ഇവരോടൊപ്പം എഴുപതോളം താരങ്ങളും പുതുമുഖ നായികമാരും അഭിനയിച്ചിട്ടുണ്ട്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ഈ ബിഗ് ബജറ്റ് ചിത്രം വ്യത്യസ്തമായ ദൃശ്യാവിഷ്‌ക്കാരമാണ് സമ്മാനിക്കുന്നത്. മാസ് ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പൊലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ്.ഐ. ആനന്ദ് എത്തുന്നത്.

ഛായാഗ്രഹണം: ഗൗതം ശങ്കര്‍, ചിത്രസംയോജനം: സൈജു ശ്രീധര്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ., വിഷ്വല്‍ പ്രൊമോഷന്‍: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഒ.: ശബരി.

Content Highlight: Tovino Thomas Movie Anweshippin Kandethum  Set To Stream On OTT