ടൊവിനോ തോമസ്-ആഷിഖ് അബു ടീം ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘നാരദന്‍’ മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. മായാനദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദുല്‍ഖര്‍ സല്‍മാന്റെ ദ്വിഭാഷാ ചിത്രം ‘ഹേ സിനാമിക’യും മാര്‍ച്ച് മൂന്നിന് ക്ലാഷ് റിലീസായാണ് എത്തുന്നത്.
എന്നാല്‍ ദുല്‍ഖറിനോടുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ഒരേ ദിവസം സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് തമ്മിലുണ്ടാകുന്ന ഫൈറ്റിനെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ടൊവിനോ. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറയുന്നത്.
”ദുല്‍ഖറിനോടുള്ള സൗഹൃദത്തിലാണ് ഞാന്‍ കുറുപ്പിന്റെ ഭാഗമായത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയത് ഈ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലാണ്.
ദുല്‍ഖര്‍ എനിക്കറിയാവുന്ന ആളാണ്. എന്നോട് ഭയങ്കര സ്വീറ്റായി പെരുമാറിയിട്ടുള്ള ആളാണ്. സിനിമയില്‍ സക്‌സസ്ഫുള്ളാവുമ്പോള്‍ ഞാന്‍ എത്ര സന്തോഷിക്കുന്നോ അത്രതന്നെ സന്തോഷിക്കുന്ന ഒരാളാണ്.
മിന്നല്‍ മുരളി കണ്ടിട്ടും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.
പുറത്തുള്ളവര്‍ക്ക് ഞങ്ങളൊക്കെ തമ്മിലുള്ള അടുപ്പം കുറച്ചെങ്കിലും മനസിലാക്കാന്‍ സാധിച്ചാല്‍ ഇവിടെ ഒരു ഫാന്‍സും തമ്മില്‍ ഫൈറ്റ് ചെയ്യില്ല, എന്ന് തോന്നുന്നു. ശരിക്കും നമ്മള്‍ തമ്മിലുള്ള അടുപ്പം ആള്‍ക്കാര്‍ അറിഞ്ഞ് കഴിഞ്ഞാല്‍ ഈ ഫാന്‍ഫൈറ്റ്‌സ് ഒന്നും ഉണ്ടാവില്ല.
ഒരേസമയം രണ്ട് സിനിമകളൊക്കെ പുറത്തിറങ്ങുന്ന സമയത്ത് ആള്‍ക്കാര് വിചാരിക്കുന്നത് ഞങ്ങള്‍ എന്തോ യുദ്ധം ചെയ്യുകയാണ്, എന്നാണ്.
ഇത് ഒരു റിലീസ് ദിവസത്തിന്റെ, ഒരു വെള്ളിയാഴ്ചയുടെ കാര്യമല്ലേ. അത് കഴിഞ്ഞ് പിന്നേം കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആള്‍ക്കാരാണ് ഇത്.
ഒരു ഹെല്‍ത്തി കോംപറ്റീഷന്‍ തീര്‍ച്ചയായിട്ടും ഉണ്ടാവും. അതല്ലാതെ ഓരോ സിനിമകള്‍ ഇറങ്ങുന്ന സമയത്തും ഓപ്പോസിറ്റ് സിനിമയുടെ ആള്‍ക്കാരെ മുഴുവന്‍ ശത്രുക്കളായി കാണാന്‍ തുടങ്ങിയാല്‍ ശത്രുക്കള്‍ മാത്രമല്ലേ ഉണ്ടാവൂ.