കള സിനിമയിലെ കഥാപാത്രമായ ഷാജിയെ കുറിച്ചും സിനിമ കണ്ട പ്രേക്ഷകരെ കുറിച്ചും മനസ് തുറക്കുകയാണ് നടന്‍ ടൊവിനോ തോമസ്. കള സിനിമ കാണാന്‍ എത്തിയ പലരും ഷാജി വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ലാതായത് അംഗീകരിക്കാന്‍ പലര്‍ക്കുമായില്ലെന്നും ടൊവിനോ പറഞ്ഞു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ താരപരിവേഷം വെച്ച് കളയിലെ ഹീറോ ഷാജിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളാണ് ഇവിടെ ശരിക്കും വില്ലന്‍. ഷാജി എന്ന വ്യക്തിയെ തകര്‍ക്കാനല്ല, മൂറിന്റെ കഥാപാത്രം എത്തുന്നത്. ഷാജിയിലെ ഈഗോയെ ഇല്ലാതാക്കാനാണ് അയാളെത്തുന്നത്.
ഷാജിയെ തകര്‍ക്കാനായിരുന്നു മൂറിന്റെ ആഗ്രഹമെങ്കില്‍ ഷാജിയെയും അയാളുടെ നായയെയും അവസാനത്തില്‍ കൊല്ലാമായിരുന്നു. സിനിമ ശരിക്കും പിടികിട്ടാത്തവര്‍ ഒന്നു കൂടി കാണണമെന്നാണ് എനിക്ക് പറയാനുള്ളത്.
മറ്റൊരു ആക്ഷന്‍ പടം എന്നായിരുന്നു എല്ലാവരും കളയെ പറ്റി കരുതിയിരുന്നത്. എന്നാല്‍ കള അതല്ല. ‘എന്ത് തിരക്കഥയാണിത്? ഇതില്‍ കഥ എവിടെയാണ്? ‘ എന്നൊക്കെ ആള്‍ക്കാര്‍ ചോദിക്കുന്നത് കേട്ടിരുന്നു.
അവരുടെ മനസ്സില്‍ എന്റെ കഥാപാത്രമായ ഷാജി സുമേഷ് മൂറിന്റെ കഥാപാത്രത്തെ പരാജയപ്പെടുത്തണമായിരുന്നു. സിനിമയുടെ അവസാനത്തില്‍ വിജയശ്രീലാളിതനായ മാസ് ഹീറോയായി ഷാജി വരണമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്,’ ടൊവിനോ പറയുന്നു.
താരം എന്ന നിലയില്‍ വരുന്ന സ്റ്റീരിയോടൈപ്പിങ്ങ് അവസാനിപ്പിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അതും കള ചെയ്യാന്‍ കാരണമായെന്നും ടൊവിനോ പറഞ്ഞു. കള വ്യക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണെന്നും സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരുടെയും രാഷ്ട്രീയമാണ് ചിത്രത്തില്‍ കാണാനാകുന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
തിയേറ്ററില്‍ റിലീസ് ചെയ്ത സമയത്ത് തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം വെച്ചിരുന്ന കള കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. മനുഷ്യനും പ്രകൃതിയും അടിച്ചമര്‍ത്തപ്പെടുന്നവരും വേട്ടക്കാരനുമെല്ലാമാണ് കളയുടെ പ്രമേയമാകുന്നത്. സവര്‍ണ്ണതയും സമ്പന്നതയും പുരുഷാധിപത്യവും അരികുവത്കൃത സമൂഹത്തോട് ചെയ്യുന്ന ക്രൂരതകളും ചിത്രം വരച്ചുകാണിക്കുന്നുണ്ട്.
ടൊവിനോ തോമസ്, മൂര്‍, ലാല്‍, ദിവ്യാ പിള്ള, എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു.
ശബ്ദ സംവിധാനം ഡോണ്‍ വിന്‍സന്റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.