മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. താരപുത്രന്മാര്‍ സിനിമ രംഗം കൈയ്യടിക്കവെച്ചിരിക്കുന്നതിനിടയ്ക്ക് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്.
എന്നാല്‍ ഇതുവരെ സീനിയറായ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനായിട്ടില്ലെന്ന് പറയുകയാണ് ടൊവിനോ. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തന്റെ അഭിനയജീവിതത്തെ കുറിച്ച് മനസ് തുറന്നത്.
‘സീനിയറായ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും എന്നെ വിളിച്ചിട്ടില്ല. പിന്നീട് ഒരു സമയം
കഴിഞ്ഞപ്പോള്‍ ഞാന്‍ മറ്റ് സിനിമകളുടെ തിരക്കിലായതുകൊണ്ടാവാം. പിന്നെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റ് സിനിമകളുടെ കഥ കേട്ട് ആ ടീമിന്റെ ഭാഗമായി മാറിയിരുന്നു. അങ്ങനെയൊരു എത്തിക്‌സ് കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. അത് എന്നെ അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്,’ ടൊവിനോ പറഞ്ഞു.
‘2021 ല്‍ വളരെ ഹാപ്പിയാണ്. കള എന്ന സിനിമ ചെയ്യാന്‍ പറ്റി. അതില്‍ ഞാന്‍ ആന്റി ഹീറോയാണ്. ഒരുപാട് ലെയേഴ്‌സ് ഉള്ള ക്യാരക്ടര്‍ ആണ് അതില്‍. എന്റെ കഴിവിന്റെ പരമാവധി അതില്‍ ശ്രമിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിന്റെ സമയത്ത് ചിന്തിച്ചപ്പോള്‍ കുറെ പൊളിച്ചെഴുത്ത് വേണമെന്ന് തോന്നയിരുന്നു. ആ പൊളിച്ചെഴുത്തുകളുടെ ഭാഗമാണ് കള എന്ന് പറയുന്ന സിനിമ,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.
ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.