കിലോമീറ്റേഴ്‌സ്& കിലോമീറ്റേഴ്‌സ് റിലീസ് നീട്ടിവെച്ചു; നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന് ടൊവീനോ
Malayalam Cinema
കിലോമീറ്റേഴ്‌സ്& കിലോമീറ്റേഴ്‌സ് റിലീസ് നീട്ടിവെച്ചു; നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന് ടൊവീനോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th March 2020, 5:45 pm

ടൊവീനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്‌സ്& കിലോമീറ്റേഴ്‌സിന്റെ റീലീസ് നീട്ടിവെച്ചു. മാര്‍ച്ച് 12ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് റിലീസ് നീട്ടിയത്. ടൊവീനോ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ടൊവീനോയുടെ പ്രതികരണം

COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട്
നമ്മുടെ പുതിയ സിനിമ –
“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.
ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും.
ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്.

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടേത്.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗില്‍നിന്നുമാണ് ചിത്രത്തിന്റെ പേര് ഉരുത്തിരുഞ്ഞതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെയാവണം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തത് മോഹന്‍ലാലിനെത്തന്നെയായിരുന്നു.

ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ആന്റോജോസഫും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരജ് എസ് കുറുപ്പ് ആണ് സംഗീതം.