തോല്‍വിയിലും സന്തോഷിക്കാന്‍ ഏറെയുണ്ട്, ഇതിഹാസങ്ങള്‍ക്കൊപ്പം അപൂര്‍വ റെക്കോഡിട്ട ഇവനാണ് അതില്‍ പ്രധാനി
Sports News
തോല്‍വിയിലും സന്തോഷിക്കാന്‍ ഏറെയുണ്ട്, ഇതിഹാസങ്ങള്‍ക്കൊപ്പം അപൂര്‍വ റെക്കോഡിട്ട ഇവനാണ് അതില്‍ പ്രധാനി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd December 2023, 9:13 am

 

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ടി-20 പരമ്പര സമനിലയിലാക്കിയതിന് ശേഷമാണ് ഏകദിന പരമ്പരയില്‍ പ്രോട്ടിയാസ് പരാജയപ്പെടുന്നത്.

നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 78 റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 45.5 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മത്സരത്തിലും പരമ്പരയിലും പരാജയപ്പെട്ടെങ്കിലും സൗത്ത് ആഫ്രിക്കന്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകയും ഈ പരമ്പര സമ്മാനിച്ചിരുന്നു. പല താരങ്ങളുടെയും ഉദയത്തിനാണ് ഈ സീരീസ് സാക്ഷ്യം വഹിച്ചത്. നാന്ദ്രേ ബര്‍ഗര്‍, ടോണി ഡി സോര്‍സി, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് തുടങ്ങിയ താരങ്ങള്‍ പരമ്പരയില്‍ കരുത്തുകാട്ടി. ഇതില്‍ എടുത്തുപറയേണ്ട പേര് ടോണി ഡി സോര്‍സിയുടേത് തന്നെയാണ്.

 

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക തിരിച്ചടിച്ചത് സോര്‍സിയിലൂടെയാണ്. സെഞ്ച്വറി നേടിയ താരം ആതിഥേയര്‍ക്ക് തുണയായി. 122 പന്തില്‍ നിന്നും പുറത്താകാതെ 119 റണ്‍സാണ് സോര്‍സി നേടിയത്.

സീരീസ് ഡിസൈഡറിലും സോര്‍സി ഒട്ടും നിരാശപ്പെടുത്തിയില്ല. 87 പന്തില്‍ നിന്നും ആറ് ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 81 റണ്‍സാണ് താരം നേടിയത്.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ക്ലാസനും റാസി വാന്‍ ഡെര്‍ ഡസനും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് സോര്‍സിയുടെ ബാറ്റില്‍ നിന്നും അര്‍ധ സെഞ്ച്വറി പിറന്നത് എന്നത് തന്നെയാണ് ഈ ഇന്നിങ്‌സിനെ സ്‌പെഷ്യലാക്കുന്നത്.

 

ഈ അര്‍ധ സെഞ്ച്വറി നേട്ടത്തോടെ ഒരു റെക്കോഡും സോര്‍സിയെ തേടിയെത്തിയിരിക്കുകയാണ്. കരിയറിലെ ആദ്യ അഞ്ച് ഏകദിനങ്ങളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ കണ്ടെത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായാണ് സോര്‍സി ഇടം പിടിച്ചിരിക്കുന്നത്. ഗ്രെയം സ്മിത്, ഗാരി കേഴ്സ്റ്റണ്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് സോര്‍സി തന്റെ പേരും എഴുതിച്ചേര്‍ത്തത്.

ആദ്യ അഞ്ച് ഇന്നിങ്‌സില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

റാസി വാന്‍ ഡെര്‍ ഡസന്‍ – 3

ജാന്നേമന്‍ മലന്‍ – 3

ഗാരി കേഴ്സ്റ്റണ്‍ – 2

പീറ്റര്‍ കേഴ്സ്റ്റണ്‍ – 2

ഗ്രെയം സ്മിത് – 2

കോളിന്‍ ഇന്‍ഗ്രിം – 2

മോണി വാന്‍ വൈക് – 2

തെംബ ബാവുമ – 2

കൈല്‍ വെരാനെ – 2

ടോണി ഡി സോര്‍സി – 2

അഞ്ച് ഇന്നിങ്‌സില്‍ നിന്നും 276 റണ്‍സാണ് സോര്‍സിയുടെ സമ്പാദ്യം. 69.00 എന്ന ശരാശരിയിലും 98.92 എന്ന സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന സോര്‍സി ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് തന്റെ പേരില്‍ കുറിച്ചത്. ഇന്ത്യക്കെതിരെ നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിലും സോര്‍സി ഇടം നേടിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം. സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കാണ് വേദി.

 

 

Content Highlight: Tony de Zorzi’s 2nd 50+ score in first 5 innings