മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കെല്ലാം സഭയില്‍ നാക്കുപിഴ; പ്രക്ഷുബ്ധമായ ആദ്യദിനത്തിലും സഭയില്‍ ചിരിയുടെ ചാറ്റല്‍ മഴ
Kerala
മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കെല്ലാം സഭയില്‍ നാക്കുപിഴ; പ്രക്ഷുബ്ധമായ ആദ്യദിനത്തിലും സഭയില്‍ ചിരിയുടെ ചാറ്റല്‍ മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2017, 4:28 pm

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ പ്രതിഷേധം കൊണ്ട് പ്രക്ഷുബ്ധമായിരുന്നു. രൂക്ഷമായ വാക്‌പോരുകള്‍ക്കിടയിലും സഭയില്‍ ചിരിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങളുമുണ്ടായി.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്ക് ഇന്ന് സഭയില്‍ നാക്ക് പിഴച്ചതാണ് സഭാംഗങ്ങള്‍ക്കൊപ്പം സഭയുടെ തത്സമയ സംപ്രേക്ഷണം കണ്ടുകൊണ്ടിരുന്ന ജനങ്ങളിലും ചിരിയുണര്‍ത്തിയത്.


Also Read: ‘അയ്യോ വയ്യേ മണിയണ്ണന്‍ ചിരിപ്പിച്ച് വയ്യാണ്ടായേ…’ മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഷൂട്ടിങ് ലോക്കേഷനില്‍ അലന്‍സിയറുടെ പ്രതിഷേധം


അടിയന്തിരപ്രമേയ ചര്‍ച്ചയ്ക്കിടെ മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം നാക്ക് പിഴച്ചത്. മുഖ്യമന്ത്രിയ്ക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ച പാപ്പാത്തിച്ചോല തന്നെയാണ് ഇത്തവണയും അദ്ദേഹത്തിന് പണി കൊടുത്തത്.

എഴുതി തയ്യാറാക്കിയ പ്രസംഗമായിരുന്നിട്ട് കൂടി പാപ്പാത്തിച്ചോലയെ “ചപ്പാത്തിച്ചോല” എന്നാണ് മുഖ്യമന്ത്രി വായിച്ചത്. ഒന്നുരണ്ട് തവണ ചപ്പാത്തിച്ചോലയില്‍ തന്നെ “ഉറച്ച് നിന്ന” മുഖ്യന്‍ പിന്നീട് തിരുത്തി പാപ്പാത്തിച്ചോലയിലേക്ക് മടങ്ങിയെത്തി.


Don”t Miss: 16 വര്‍ഷങ്ങള്‍ക്ക് ശേഷം അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാന്‍; അവാര്‍ഡ് സ്വീകരിച്ചത് രാജ്യദ്രോഹിയെന്ന് വിളിച്ച ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതില്‍ നിന്നും


നാക്ക്പിഴയില്‍ പേര് കേട്ട മുന്‍ ആഭ്യന്തരമന്ത്രി  തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടുത്തതായി നാക്ക് പിഴച്ചത്. പഴയ “നൂസിയ നസീ”മിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു തിരുവഞ്ചൂരിന്റെ ഇന്നത്തെ നാക്കു പിഴയും. അദ്ദേഹവും എഴുതി തയ്യാറാക്കിയ പ്രസംഗമാണ് വായിച്ചത്.

ഡി.വൈ.എസ്.പിയെ ഡി.വൈ.എഫ്.ഐ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തി. പക്ഷേ അവിടെ തീര്‍ന്നില്ല തിരുവഞ്ചൂരിന്റെ വീഴ്ച.

“പൊമ്പിള ഒരുമൈ”യിലാണ് തിരുവഞ്ചൂര്‍ രണ്ടാമത് തട്ടിവീണത്. എം.എം മണിക്കെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് സംഭവം. ഏറെ നേരത്തെ ഭഗീരഥപ്രയത്‌നത്തിന് ശേഷമാണ് തിരുവഞ്ചൂരിന് പൊമ്പിളൈ ഒരുമൈ എന്ന വാക്ക് ശരിക്ക് ഉച്ചരിക്കാനായത്. പ്രതിപക്ഷ നിരയിലെ കെ. മുരളീധരനുള്‍പ്പെടെയുള്ള നേതാക്കള്‍ തിരുവഞ്ചൂരിന്റെ നാക്ക്പിഴ കേട്ട് ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.


Also Read: ‘ ഇരിക്കണമെങ്കില്‍ പാകിസ്താനിലേക്ക് പോകൂ…’; ദല്‍ഹി മെട്രൊയില്‍ ഇരിക്കാന്‍ സീറ്റു ചോദിച്ച മുസ്‌ലിം വൃദ്ധന് യുവാക്കളുടെ ആക്രമണം


തിരുവഞ്ചൂരിന് ഇത് പുത്തരിയൊന്നുമല്ല എന്ന് കരുതി ആശ്വസിക്കാം. എന്നാല്‍, മുന്‍ധനകാര്യമന്ത്രി കെ.എം മാണിയ്ക്ക് നാക്ക് പിഴച്ചാലോ? പക്ഷേ അതൊരു അക്ഷരത്തെറ്റായിരുന്നില്ല. മണി രാജി വെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനിടെയാണ് മാണിക്ക് പിഴച്ചത്.

മണി രാജി വെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് താനും തന്റെ പാര്‍ട്ടിയും രാജി വെയ്ക്കുന്നുവെന്നാണ് അദ്ദേഹം വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞത്. ആദ്യം ഒന്ന് അമ്പരന്ന അംഗങ്ങള്‍ക്ക് ഉടന്‍ തന്നെ കാര്യം മനസിലായി. താനും തന്റെ പാര്‍ട്ടിയും ഇറങ്ങിപ്പോകുന്നു എന്നായിരുന്നു “കവി” ഉദ്ദേശിച്ചത്.


Don”t Miss: നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലോറിയെ ‘ വളഞ്ഞിട്ട് ‘ പിടിച്ച് പൊലീസും നാട്ടുകാരും. സംഭവം കോഴിക്കോട്


തന്റെ പ്രസംഗം സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിനിടെ മന്ത്രി എം.എം മണിക്കും ചെറിയൊരു നാക്ക് പിഴ ഉണ്ടായി. പൊമ്പിളൈ ഒരുമൈയുടെ പ്രക്ഷോഭത്തെ പറ്റി പറഞ്ഞ മണി പക്ഷേ പറഞ്ഞത് പൊമ്പിളൈ ഒരുമൈയുടെ “പ്രക്ഷോഭണം” എന്നായിരുന്നു. എന്നാല്‍ ഇത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല

സഭാ സമ്മേളനത്തിലെ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ പിരിമുറുക്കം കുറയ്ക്കാന്‍ ഇത്തരം ചില നാക്ക് പിഴകള്‍ക്ക് കഴിയുന്നുണ്ട്. സഭാ സമ്മേളനത്തിന്റെ ആദ്യദിനം ട്രോളന്‍മാര്‍ക്കും ചാകരയാണ് സമ്മാനിച്ചത്. സമ്മേളനത്തിന്റെ ഇനിയുള്ള 31 ദിനങ്ങളും ഇതുപോലെ തന്നെയായാല്‍ തങ്ങള്‍ക്ക് “അധിക ജോലിഭാരം” ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ട്രോളന്‍മാര്‍ ഇപ്പോള്‍.

വീഡിയോ കടപ്പാട്: മനോരമ ന്യൂസ്