തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ നിരവധി പ്രീ പോള്‍ സര്‍വേകളാണ് സംസ്ഥാനത്തും ദേശിയ തലത്തിലും നടക്കുന്നത്.
ദേശീയ രാഷ്ട്രീയമടക്കം ഉറ്റുനോക്കുന്ന തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡി.എം.കെ മുന്നണി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ അധികാരത്തില്‍ എത്തുമെന്നാണ് പുറത്ത് വരുന്ന ബഹുഭൂരിപക്ഷം പ്രീ പോള്‍ സര്‍വേകളും പറയുന്നത്.
234 നിയമസഭ സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടി വിജയിക്കുന്നതിനായി വേണ്ടത്. നിലവിലെ നിയമസഭയില്‍ ഭരണകക്ഷിയായ അണ്ണാഡി.എം.കെയ്ക്ക് 124 സീറ്റുകളാണ് ഉള്ളത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം മെയ് 2 ന് നടക്കും.
തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമായും നാല് മുന്നണികള്‍ ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അണ്ണാ ഡി.എം.കെ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം, ഡി.എം.കെ നേതൃത്വം നല്‍കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ്, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി, ടി.ടി.വി ദിനകരന്റെ എ.എം.എം.കെ നേതൃത്വം നല്‍കുന്ന നാലാം മുന്നണി എന്നിവയാണിത്.
ഇതിന് പുറമെ ഒരു സംഖ്യത്തിലും ചേരാതെ സീമാന്‍ നേതൃത്വം നല്‍കുന്ന നാം തമിലര്‍ കച്ചി, ബി.എസ്.പി, പി.ടി.കെ, ആര്‍.പി.ഐ തുടങ്ങിയ പാര്‍ട്ടികളും സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്.
പ്രീപോള്‍ സര്‍വേകളിലേക്ക് വരികയാണെങ്കില്‍ പ്രധാനമായും അഞ്ച് പ്രീ പോള്‍ സര്‍വേകളാണ് തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുന്നത്. ചിന്താമണി- ഇലക്ഷന്‍.ഇന്‍, പുതിയ തലമുറൈ, ടൈംസ് നൗ സി വോട്ടര്‍, ക്രൗഡ്‌വിസ്ഡം 360, എ.ബി.പി സിവോട്ടര്‍ എന്നിവയാണ് തമിഴ്‌നാട്ടില്‍ പ്രധാനമായും പ്രീ പോള്‍ സര്‍വേ നടത്തിയിരിക്കുന്നത്.
ഈ സര്‍വേകളില്‍ ചിന്താമണി ഇലക്ഷന്‍ ഇന്‍ ഒഴിച്ച് മറ്റുള്ള എല്ലാ സര്‍വേകളും ഡി.എം.കെ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നതാണ്. ഇതില്‍ ക്രൗഡ് വിസ്ഡം 360 ഫെബ്രുവരിയിലും മറ്റുള്ള സര്‍വേകള്‍ മാര്‍ച്ചിലുമാണ് നടന്നത്.
ക്രൗഡ് വിസ്ഡം 360 നടത്തിയ പ്രീ പോള്‍ സര്‍വേ പ്രകാരം തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ മുന്നണി 120 സീറ്റുകളിലും അണ്ണാ ഡി.എം.കെ 105 സീറ്റുകളും മറ്റുള്ളപാര്‍ട്ടികള്‍ 9 സീറ്റും സ്വന്തമാക്കുമെന്നാണ് പ്രവചനം. ഫെബ്രുവരി മാസത്തില്‍ സ്ഥാനാര്‍ത്ഥികളുടെയും സഖ്യത്തിന്റെയുമൊക്കെ പൂര്‍ണ ചിത്രം കിട്ടുന്നതിന് മുമ്പുള്ള ഒരു സര്‍വേ ആയിരുന്നു ഇത് എന്ന പോരായ്മ നിലനില്‍ക്കുന്നുണ്ട്.
ടൈംസ് നൗ സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ 158 സീറ്റുകളാണ് ഡി.എം.കെയ്ക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത് അണ്ണാ ഡി.എം.കെ സഖ്യത്തിന് 65 സീറ്റും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 5 സീറ്റും ടി.ടി.വി ദിനകരന്റെ എ.എം.എം.കെ സഖ്യത്തിന് 3 സീറ്റും മറ്റുള്ളവര്‍ക്ക് എല്ലാം കൂടെ 3 സീറ്റുമാണ് പ്രവചനം.
എ.ബി.പി ന്യൂസ് – സിവോട്ടര്‍ സര്‍വേ പ്രകാരം 161 മുതല്‍ 169 സീറ്റ് വരെ ഡി.എം.കെ നേതൃത്വത്തിനും 53 മുതല്‍ 61 വരെ അണ്ണാ ഡി.എം.കെയ്ക്കും 2 മുതല്‍ 6 സീറ്റുവരെ മക്കള്‍ നീതി മയ്യവും 1 മുതല്‍ 5 വരെ എ.എം.എം.കെയും നേടുമെന്നാണ് പ്രവചനം മറ്റുള്ളവര്‍ 3 മുതല്‍ 7 സീറ്റുകളും നേടും.
അതേസമയം പുതിയ തലെമുറൈ എപിടി നടത്തിയ സര്‍വേയില്‍ ഡി.എം.കെ മുന്നണിക്കും അണ്ണാ ഡി.എം.കെ മുന്നണിക്കും മാത്രമേ സീറ്റ് ലഭിക്കുകയുള്ളുവെന്നാണ് പ്രവചനം. 151 മുതല്‍ 158 വരെ ഡി.എം.കെയ്ക്കും 76 സീറ്റ് മുതല്‍ 83 സീറ്റ് വരെ അണ്ണാ ഡി.എം.കെയ്ക്കും ലഭിക്കുമെന്നും പുതിയതലെമുറൈ പ്രവചിക്കുന്നു.
അതേസമയം ചിന്താമണി-ഇലക്ഷന്‍.ഇന്‍ ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും 110 സീറ്റുകള്‍ വീതം ലഭിക്കുമെന്നാണ് പ്രവചനം. ടി.ടി.വി ദിനകരന്‍, കമല്‍ഹാസന്‍ തുടങ്ങി ശക്തരായ നേതാക്കളും പാര്‍ട്ടികളും മത്സരത്തിന് ഉണ്ടെങ്കിലും അണ്ണാ ഡി.എം.കെ – ഡി.എം.കെയും തമ്മിലുള്ള രണ്ട് ശക്തികളുടെ മത്സരമായിട്ടാണ് ഭൂരിപക്ഷം പേരും ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലവും അണ്ണാ ഡി.എം.കെയ്ക്ക് തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. 39 ലോക്‌സഭ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ഇതില്‍ 38 സീറ്റുകളിലും ഡി.എം.കെ സഖ്യം വിജയത്തിലെത്തി. ഒരു സീറ്റ് മാത്രമാണ് അണ്ണാ ഡി.എം.കെയ്ക്ക് നേടാനായത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതില്‍ ഡി.എം.കെ 13 ഉം എ.ഐ.ഡി.എം.കെ് 9 ഉം സീറ്റുകളിലുമാണ് വിജയിച്ചത്.
സ്റ്റാലിനോ പളനി സാമിയോ, അടുത്ത മുഖ്യമന്ത്രിയാര് ?
എം.ജി.ആര്‍, കരുണാനിധി, ജയലളിത – ഈ മൂന്ന് പ്രബല നേതാക്കളുടെ കാലശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് 2021 ലേത്. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, അണ്ണാ ഡി.എം.കെ നേതാക്കളായ എടപ്പടി പളനിസാമിയും ഒ.പനീര്‍ സെല്‍വവും, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍, എ.എം.എം.കെ നേതാവ് ടി.ടി.വി ദിനകരന്‍ തുടങ്ങിയവരാണ് അതാത് മുന്നണികളില്‍ വിജയത്തില്‍ എത്തുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുന്നത്.
ഇതില്‍ എം.കെ സ്റ്റാലിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അണ്ണാ ഡി.എം.കെയില്‍ നിലവിലെ മുഖ്യമന്ത്രി എടപ്പടി പളനിസാമി കൊവിഡ് പ്രതിരോധത്തിലൂടെ തന്റെ ഇമേജ് മെച്ചപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രിക്കാനായത് പളനിസാമിയുടെ നേതൃത്വത്തിലാണെന്നുള്ള തരത്തിലാണ് പ്രചരണം.
ഒ.പനീര്‍സെല്‍വവും മുഖ്യമന്ത്രി സ്ഥാനത്തിന് നോട്ടമിട്ടിരിക്കുന്ന വ്യക്തിയാണ്. പ്രീ പോള്‍ ഫലങ്ങള്‍ വെച്ച് എം.കെ സ്റ്റാലിന്‍ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയാവുക എന്നാണ് പ്രവചനങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക