Advertisement
national news
ബാലറ്റ് പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച ബി.ജെ.പി ബൂത്ത് ഏജന്റിനെ പിടികൂടി നാട്ടുകാര്‍: മന്ത്രി മര്‍ദ്ദിച്ചതായും ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 14, 05:12 am
Monday, 14th May 2018, 10:42 am

കൂച്ച്: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബാലറ്റ്‌പെട്ടിയുമായി കടന്നുകളയാന്‍
ശ്രമിച്ച ബി.ജെ.പി നേതാവിനെ മന്ത്രി രബീന്ദ്രനാഥ് ഗോഷ് മര്‍ദ്ദിച്ചതായി ആരോപണം. കൂച്ച് ബെഹാറിലെ പോളിങ് ബൂത്തിന് പുറത്ത് വെച്ചായിരുന്നു സംഭവം.

ബി.ജെ.പി നേതാവും ബൂത്ത് ഏജന്റുമായ സുജിത് കുമാര്‍ ദാസിനാണ് മര്‍ദ്ദനം ഏറ്റത്. പൊലീസിന്റെ മുന്നില്‍വെച്ചായിരുന്നു സംഭവം. അതേസമയം താന്‍ അയാളെ മര്‍ദ്ദിച്ചിട്ടില്ലെന്നും ബാലറ്റ് പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച അയാളെ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

ബി.ജെ.പി ഏജന്റായ ആ യുവാവ് ബാലറ്റ് ബോക്‌സ് എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്താണ് ഞാന്‍ അത് വഴി വന്നത്. ഇയാള്‍ക്ക് പുറകെ ആളുകള്‍ ഓടുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ഇടപെട്ടത്. – മന്ത്രി പറഞ്ഞു. ബാലറ്റ് പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ ആളുകള്‍ ഓടിച്ചിട്ടു പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ ബംഗാര്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടന്നു. ഒരു കൂട്ടം ആളുകള്‍ ടിവി ചാനലുകളുടെ ഒബി വാന്‍ അടിച്ചുതകര്‍ക്കുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മിഡ്‌നാപൂര്‍ ജില്ലയില്‍ മുഖം മറച്ച് കൈയില്‍ തോക്കുമായി എത്തിയ ഒരാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രാജഹാര്‍ത് ജില്ലയില്‍ പോളിങ് ബൂത്തില്‍ എത്തിയ സംഘം ബാലറ്റ് ബോക്‌സില്‍ വെള്ളം ഒഴിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തി ബൂത്തില്‍ നിന്നും പറഞ്ഞതയ്ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.