'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനം ഉണ്ടാകും'; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ കോളത്തിന് വിരാമമിട്ട് ടി.ജെ.എസ് ജോര്‍ജ്
national news
'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനം ഉണ്ടാകും'; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ കോളത്തിന് വിരാമമിട്ട് ടി.ജെ.എസ് ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 3:12 pm

ന്യൂദല്‍ഹി: 25 വര്‍ഷം ഇടവേളകളില്ലാതെ തുടര്‍ന്ന കോളം അവസാനിപ്പിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ടി.ജെ.എസ് ജോര്‍ജ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ 1997 മുതലാണ് ‘പോയിന്റ് ഓഫ് വ്യൂ’ എന്ന കോളം ടി.ജെ.എസ് ജോര്‍ജ് എഴുതിത്തുടങ്ങിയത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ തന്റെ കോളത്തിലൂടെ തന്നെയാണ് ഈ വിവരം ടി.ജെ.എസ് അറിയിച്ചത്.

എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ടാകുമെന്ന കുറിപ്പോടെയാണ് ടി.ജെ.എസ് ജോര്‍ജ് തന്റെ അവസാന കുറിപ്പ് ആരംഭിച്ചത്.

1997ല്‍ എക്‌സ്പ്രസ്സ് ഫീച്ചറായാണ് ജോര്‍ജ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് വേണ്ടി എഴുതിത്തുടങ്ങിയത്. പിന്നീട് രാഷ്ട്രീയ നിലപാടുകളും, ബഹുസ്വര ഇന്ത്യയുടെ പ്രതീക്ഷകളും തന്റെ എഴുത്തുകളിലൂടെ ജനങ്ങളിലേക്കെത്തിച്ചു. കാല്‍നൂറ്റാണ്ട് നീണ്ട യാത്ര അവസാനിപ്പിക്കുമ്പോഴും ബഹുസ്വര ഇന്ത്യയുണ്ടാകും എന്ന പ്രതീക്ഷയാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നതും.

‘ഒരു കോളംനിസ്റ്റ് എന്ന നിലയില്‍ ഒരുപാട് ദൂരം മുന്നോട്ട് പോകാന്‍ എനിക്കായി. സ്വന്തം രാജ്യത്തെ വിമര്‍ശിക്കേണ്ടതില്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ചിലര്‍ക്ക് നേരെ തിരിച്ചാണ് തോന്നുന്നത്. നമ്മുടേത് പോലുള്ള ഒരു വലിയ രാജ്യത്തിനെ അതിന്റെ അപകടങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ വാദങ്ങള്‍ക്കും അതിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്.

എല്ലാത്തിനും ശരികളും തെറ്റുകളുമുണ്ട്. എന്നാല്‍ ഒരു രാജ്യമോ അതിന്റെ ഭരണാധികാരികളോ അവരെ വിമര്‍ശിക്കാന്‍ പാടില്ലെന്ന, പ്രത്യേകിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലയിലേക്ക് ചിന്തിച്ചുതുടങ്ങിയാല്‍ അവിടെ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ് വാസ്തവം,’ ടി.ജെ.എസ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

ഈ ജീവിതത്തില്‍ എന്തെങ്കിലും കാര്യത്തില്‍ ഉറപ്പ് ഉണ്ടെങ്കില്‍ അത് ഇന്ത്യ അതിന്റെ വൈവിധ്യത്തോടുകൂടി തുടരുമെന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

1950ല്‍ എസ്. സദാനന്ദന്റെ നേതൃത്വത്തില്‍ ഫ്രീ പ്രസ് ജേര്‍ണല്‍ എന്ന പത്രത്തിലൂടെയാണ് ടി.ജെ.എസ് ജോര്‍ജ് പത്രപ്രവര്‍ത്തന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

കോളംനിസ്റ്റിന് പുറമെ ഗ്രന്ഥകാരന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളിലും ടി.ജെ.എസ് ജോര്‍ജ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വ്യക്തികൂടിയാണ് ടി.ജെ.എസ്.

2011ല്‍ സാഹിത്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനത്തിന് പത്മഭൂഷണ്‍ ലഭിച്ചിരുന്നു. 2008ല്‍ ബഷീര്‍ പുരസ്‌കാരം, 2007ല്‍ രാജ്യോത്സവ പുരസ്‌കാരം, 2005ല്‍ മുഹമ്മദ് കോയ ജേര്‍ണലിസം അവാര്‍ഡ്, 2001ല്‍ പത്രിക അക്കാദമി അവാര്‍ഡ്, 2013ല്‍ അഴീക്കോട് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Content highlight: TJS George to end his column in Indian express, says the fight must go on