'സ്വയം വിരമിക്കാം, ട്രാന്‍സ്ഫര്‍ വാങ്ങുകയും ചെയ്യാം'; അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാന്‍ തിരുപ്പതി ദേവസ്ഥാനം
national news
'സ്വയം വിരമിക്കാം, ട്രാന്‍സ്ഫര്‍ വാങ്ങുകയും ചെയ്യാം'; അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാന്‍ തിരുപ്പതി ദേവസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2024, 7:40 pm

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാനുള്ള ശ്രമം ശക്തമാകുന്നു. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ തെരഞ്ഞെടുക്കുകയോ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെടുകയോ ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റേതാണ് നടപടി.

അഹിന്ദുക്കളെ ഒഴിവാക്കുന്നത് സംബന്ധിച്ച് തിരുപ്പതി ദേവസ്ഥാനം പ്രമേയം പാസാക്കുകയും ചെയ്തു. തീരുമാനം സ്ഥിരീകരിച്ച് ടി.ടി.ഡി ചെയര്‍മാന്‍ ബി.ആര്‍. നായിഡു രംഗത്തെത്തി.

മത സ്ഥാപനങ്ങളില്‍ ആ മതത്തില്‍പ്പെട്ടവരെ തന്നെ ജോലി ചെയ്യാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് ട്രസ്റ്റിയുടെ വാദം. ആര്‍ട്ടിക്കിള്‍ 16(5) ഈ അവകാശം ഉറപ്പ് നല്‍കുന്നുവെന്നും തിരുപ്പതി ദേവസ്ഥാനം പറയുന്നു.

തിരുപ്പതി ഹിന്ദു ക്ഷേത്രം ആയതിനാല്‍ ഇവിടെ ജോലി ചെയ്യുന്നവരും ഹിന്ദുക്കളായിരിക്കണമെന്ന് ബി.ആര്‍. നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ട്രസ്റ്റി ബോര്‍ഡ് സ്വീകരിച്ച തീരുമാനമാണെന്നും ബി.ആര്‍. നായിഡു അറിയിച്ചിരുന്നു. തീരുമാനത്തിന് സംസ്ഥാനത്തെ ട്രേഡ് യുണിയനുകളുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനുപിന്നാലെയാണ് ആഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്നതില്‍ ട്രസ്റ്റി ബോര്‍ഡ് പ്രമേയം പാസാക്കിയത്. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര സര്‍ക്കാര്‍ ട്രസ്റ്റാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.

കണക്കുകള്‍ പ്രകാരം, തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് 7000 സ്ഥിര ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ട്രസ്റ്റിയുടെ പുതിയ നിര്‍ദേശം മുഴുവന്‍ ജീവനക്കാരില്‍ ഏകദേശം 300 പേരെയെങ്കിലും നേരിട്ട് ബാധിക്കുന്നതാണ്. അതേസമയം ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹിന്ദു ഇതര ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാന്‍ ബി.ആര്‍. നായിഡു തയ്യാറല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിരുപ്പതിയില്‍ 14000ത്തില്‍ അധികം താത്കാലിക ജീവനക്കാരും പ്രവര്‍ത്തിക്കുണ്ടെന്നാണ് വിവരം. ഹിന്ദു ഇതര ജീവനക്കാരുടെ എണ്ണം വ്യക്തമല്ലാത്തതിനാല്‍ തന്നെ സ്വതന്ത്ര ട്രസ്റ്റിയുടെ തീരുമാനം എത്രമാത്രം ജീവനക്കാരെ ബാധിക്കുമെന്നതില്‍ വ്യക്തതയില്ല.

തിരുപ്പതി ദേവസ്ഥാനത്തിന്റ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന അഹിന്ദുക്കള്‍ക്ക് വി.ആര്‍.എസ് നല്‍കാന്‍ ദേവസ്വം നോട്ടീസ് നല്‍കുമെന്നും സ്വമേധയാ വിരമിക്കാന്‍ തയ്യാറാകാത്തവരെ സര്‍ക്കാരിന്റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നുമായിരുന്നു ബി.ആര്‍. നായിഡുവിന്റെ പ്രഖ്യാപനം.

എന്നാല്‍ തിരുപ്പതി ക്ഷേത്രത്തിന്റെ ട്രസ്റ്റ് നിയമാവലിയില്‍ അഹിന്ദുക്കളെ ജീവനക്കാരായി നിയോഗിക്കരുതെന്ന് പരാമര്‍ശിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റെ നടപടി.

Content Highlight: Tirupati Devasthanam to avoid non-Hindu employees