Film News
മോഹന്‍ലാലുമായി സിനിമ ചെയ്യുന്നുണ്ടോ? വെളിപ്പെടുത്തി ടിനു പാപ്പച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 14, 02:33 pm
Tuesday, 14th December 2021, 8:03 pm

ഏറെ നാളായി അന്തരീക്ഷത്തില്‍ നില്‍ക്കുന്ന അഭ്യൂഹമാണ് ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്നത്. ഇപ്പോള്‍ ടിനു പാപ്പച്ചന്‍ തന്നെ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

‘വിദൂരമായ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടന്നേയുള്ളൂ. അതിനൊരു വ്യക്തത വന്നിട്ടില്ല. ഒരു കഥ പറഞ്ഞിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് ഓണായെന്നോ ഓഫോയെന്നോ ഒന്നുമില്ല. അതിങ്ങനെ അന്തരീക്ഷത്തില്‍ കിടക്കുകയാണ്. ചിലപ്പോള്‍ വരാം ചിലപ്പോള്‍ പറന്നുപോകാം. അങ്ങനെയൊരു അവസ്ഥയിലാണ്,’ ടിനു പറയുന്നു.

‘കൊവിഡ് വന്നത് കൊണ്ടാണ് ഇത് തള്ളിപ്പോയത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യസമയത്ത് എല്ലാവരും വീട്ടിലിരുന്നപ്പോഴാണ് നമ്മളിങ്ങനെ ഒരാളെ കൊണ്ട് സാറിന്റെയടുത്തേക്ക് പോകുന്നത്. ലാലേട്ടനെ നേരിട്ട് കണ്ട് കഥയൊക്കെ പറഞ്ഞിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലിമരക്കാറാണ് മോഹന്‍ലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

അതേസമയം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന അജഗജാന്തരം ഡിസംബര്‍ 24 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

അജഗജാന്തരത്തെ പറ്റി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഒരു ഉത്സവപറമ്പില്‍ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ വിവരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tinu pappachan about his movie with mohanlal