ഇന്ത്യയുടെ എക്കാലത്തേയും മികച്ച പര്യടനത്തിലൊന്നായിരുന്നു 2020-21ലെ ഓസീസ് ടൂര്‍. ടെസ്റ്റ് പരമ്പര ജയിച്ചതും ഗാബ കീഴടക്കിയതുമടക്കം നിരവധി മനോഹര നിമിഷങ്ങള്‍ ആ പര്യടനത്തിന്റെ ഭാഗമായുണ്ടായിരുന്നു.
എന്നാല്‍ കൊവിഡ് വ്യാപനം പരമ്പരയെയും ബാധിച്ചിരുന്നു. ബയോ ബബിളിനുള്ളില്‍ തന്നെയായിരുന്നു താരങ്ങളെല്ലാം കഴിഞ്ഞിരുന്നത്.
എന്നാല്‍, രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ ബയോ ബബിളിന് പുറത്തുകടന്നുവെന്നും തെരുവില്‍ കറങ്ങി നടക്കുകയായിരുന്നുവെന്നും പറയുകയാണ് ഓസീസ് താരം ടിം പെയ്ന്‍.
ബയോ ബബിളിനുള്ളില്‍ കഴിയേണ്ടവര്‍ പുറത്ത് പോവുകയും കൊവിഡ് വ്യാപനത്തിന് കാരണമായേക്കാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ ഉദ്ദേശിച്ചത് ആ നാലഞ്ച് പേര്‍ ഇത്രയും പേരുടെ ജീവന്‍ തന്നെ അപകടത്തിലാക്കി. എന്തിന് വേണ്ടി? ഒരു പാക്കറ്റ് ചിപ്‌സിന് വേണ്ടിയോ? അതുമല്ലെങ്കില്‍ അവര്‍ എവിടെ പോയോ എന്തിന് വേണ്ടി പോയോ അതെല്ലാം അവരുടെ സ്വാര്‍ത്ഥതയായി മാത്രമേ കാണാന്‍ സാധിക്കൂ,’ പെയ്ന്‍ പറഞ്ഞു.
മെല്‍ബണ്‍ ടെസ്റ്റിലെ വിജയം ആഘോഷിക്കുന്നതിനായി രോഹിത് ശര്‍മ, പൃഥ്വി ഷാ, നവ്ദീപ് സെയ്‌നി, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് തുടങ്ങിയവര്‍ ഓസ്‌ട്രേലിയയിലെ തെരുവിലേക്കിറങ്ങുകയും ലോക്കല്‍ ഫുഡ് കഴിക്കുകയായിരുന്നു.
കളിക്കാര്‍ ബയോ ബബിളില്‍ തുടരേണ്ട സമയമായിരുന്നു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഒരു റെസ്റ്റോറെന്റില്‍ നിന്നുമായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെ മറ്റ് കളിക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രോഹിത് ശര്‍മയടക്കമുള്ള താരങ്ങളുടെ പ്രവര്‍ത്തിക്ക് പിന്നാലെ സീരീസ് റദ്ദാക്കാന്‍ പോലും ആലോചനയുണ്ടായിരുന്നു.