തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. സ്‌പോര്‍ട്‌സ് – കോമഡി ഴോണറില്‍ എത്തിയ ഈ ചിത്രം ബോക്‌സിങ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങിയത്.
സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍ അവറാന്‍, അനഘ രവി, ഗണപതി തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ഇവര്‍ക്ക് പുറമെ കോട്ടയം നസീര്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും അഭിനയിച്ചിരുന്നു.
ആലപ്പുഴ ജിംഖാനയില്‍ ജോജോ എന്ന കഥാപാത്രമായിട്ടാണ് നസ്‌ലെന്‍ എത്തിയത്. ഗണപതിയാകട്ടെ ദീപക് എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. ഇപ്പോള്‍ ഐ.എം.ഡി.ബിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെനെയും ഗണപതിയെയും കുറിച്ച് പറയുകയാണ് ഖാലിദ് റഹ്‌മാന്‍.
‘ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ള ഏറ്റവും മികച്ച ആക്ടേഴ്‌സാണ് നസ്‌ലെനും ഗണപതിയും. വളരെ ടാലന്റുള്ള ആളുകളാണ് ഇരുവരും. പിന്നെ യെങ്‌സ്റ്റേഴ്‌സുമാണ്. നസ്‌ലെനെ ഞാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്നതാണ്.
വളരെ വ്യത്യസ്തമായ സിനിമകളിലാണ് അവന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. അവന്‍ പെര്‍ഫോം ചെയ്യുന്ന രീതിയൊക്കെ ഞാന്‍ നന്നായി ശ്രദ്ധിച്ചിരുന്നു. ഒപ്പം ഓരോ സിനിമയിലെയും തന്റെ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴുള്ള നസ്‌ലെന്റെ എനര്‍ജിയും ശ്രദ്ധിച്ചു.
ഓരോ സീനിലും ഡയലോഗ് പറയുന്ന രീതിയും വോയിസ് മോഡുലേഷനുമെല്ലാം മികച്ചതാണ്. പണ്ടേ തന്നെ ഈ പയ്യനില്‍ നല്ല സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ആലപ്പുഴ ജിംഖാനയില്‍ നസ്‌ലെന്റെ കഥാപാത്രത്തിന്റെ പേര് ജോജോ എന്നാണ്.
ആ കഥാപാത്രത്തിന് അല്‍പ്പം ആകര്‍ഷണീയതയും കൂടുതല്‍ ഊര്‍ജ്ജസ്വലതയും ഉത്സാഹവുമൊക്കെ വേണം. നസ്‌ലെന് നന്നായി ചേരുമെന്ന് തോന്നി. അവന് അത് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. നസ്‌ലെനെ സിനിമയുമായി സമീപിച്ചപ്പോള്‍ തന്നെ അവന്‍ ‘യെസ്’ പറഞ്ഞു.
ഗണപതിയെ കുറിച്ച് പറയുമ്പോള്‍ എനിക്ക് കുറച്ച് വര്‍ഷങ്ങളായിട്ട് എനിക്ക് അറിയാം. ഞങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആലപ്പുഴ ജിംഖാനയിലെ ഗണപതിക്ക് നന്നായി ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു. കാരണം അവന് അഭിനയത്തില്‍ നല്ല എക്‌സ്പീരിയന്‍സുണ്ട്. വളരെ ടാലന്റായ ആള്‍ കൂടെയാണ്,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.
Content Highlight: Khalid Rahman Talks About Ganapathi And Naslen