തൃശൂര്‍ മേയര്‍ക്ക് തുരുതുരാ സല്യൂട്ട് അടിച്ച് പ്രതിപക്ഷാംഗങ്ങളുടെ പരിഹാസം; തിരിച്ചും സല്യൂട്ട് അടിച്ച് മേയര്‍
Kerala News
തൃശൂര്‍ മേയര്‍ക്ക് തുരുതുരാ സല്യൂട്ട് അടിച്ച് പ്രതിപക്ഷാംഗങ്ങളുടെ പരിഹാസം; തിരിച്ചും സല്യൂട്ട് അടിച്ച് മേയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th July 2021, 9:46 am

തൃശൂര്‍: ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി ഉന്നയിച്ച തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ച് രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മേയറെ വളയുകയായിരുന്നു. ഇതിനിടെ മേയറെ പരിഹസിക്കാനായി ഇവര്‍ സല്യൂട്ട് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇതുകണ്ട മേയര്‍ തിരിച്ചും സല്യൂട്ട് അടിക്കുകയായിരുന്നു ചെയ്തത്. തിരിച്ച് മൂന്ന് വട്ടം മേയറും സല്യൂട്ട് ചെയ്തു. ഒരു സല്യൂട്ട് നേരെയും ഒരു സല്യൂട്ട് ഹാളിന്റെ ഇടതുവശത്തേക്കും അടുത്ത സല്യൂട്ട് വലതു വശത്തേക്കുമാണ് മേയര്‍ സല്യൂട്ട് നല്‍കിയത്.

കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. വര്‍ഗീസ് ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നായിരുന്നു മേയര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോര്‍പ്പറേഷന്‍ മേയര്‍ക്ക്. തന്നെ ബഹുമാനിക്കേണ്ടെന്നും എന്നാല്‍ വരുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക്ക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നാണ് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു മറുപടിയായി പറഞ്ഞത്.

ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, പകരം ഔദ്യോഗിക കൃത്യം ഭംഗിയായി നിര്‍വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങള്‍ വലിയ മൂല്യം നല്‍കുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കേണ്ട ഒന്നല്ലെന്നും പൊലീസ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thrissur Mayor MK Varghese got salute from opposite members