സ്റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് മൂന്ന് അമേരിക്കന്‍ ഗവേഷകരെ അര്‍ഹരാക്കിയത് ‘മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നീ ഘടകങ്ങള്‍ തൊഴില്‍ വിപണിയില്‍ ചെലുത്തുന്ന സ്വാധീന’ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ പഠനം. ഡേവിഡ് കാഡ്, ജോഷ്വ ആങ്‌റിസ്റ്റ്, ഹിതോ ഇംബന്‍സ് എന്നിവര്‍ക്കായിരുന്നു നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
ആകസ്മിക സംഭവങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇവര്‍ ‘സ്വാഭാവിക പരീക്ഷണങ്ങള്‍’ നടത്തിയത് സാമ്പത്തിക ശാസ്ത്ര ഗവേഷണരംഗത്ത് വലിയ മാറ്റമുണ്ടാക്കി എന്നായിരുന്നു നൊബേല്‍ സമ്മാനം പ്രഖ്യാപിച്ച് സ്വീഡിഷ് അക്കാദമി പറഞ്ഞത്.
യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിലെ സാമ്പത്തിക പ്രത്യാഘാതങ്ങളെ വിശകലനം ചെയ്യുന്ന രീതിയാണ് സ്വാഭാവിക പരീക്ഷണങ്ങള്‍.
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള കനേഡിയന്‍ പൗരനായ ഡേവിഡ് കാഡിനാണ് സമ്മാനത്തുകയുടെ പകുതി ലഭിക്കുക. തൊഴില്‍ സാമ്പത്തിക പഠനങ്ങളിലൂടെയാണ് അദ്ദേഹം പുരസ്‌കാരാര്‍ഹനായത്. 1990 കാലഘട്ടത്തില്‍ ഉയര്‍ന്ന മിനിമം വേതനത്തെക്കുറിച്ച് ന്യൂജഴ്‌സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ റസ്റ്ററന്റുകളിലായിരുന്നു കാഡിന്റെ പഠനം.
സമൂഹത്തിലെ ആകസ്മിക ബന്ധങ്ങള്‍ വിശകലനം ചെയ്യുന്നതിന് ശാസ്ത്രീയ ചട്ടക്കൂട് വികസിപ്പിച്ചതിനാണ് ഹിതോ ഇംബന്‍സിനും ജോഷ്വ ആങ്‌റിസ്റ്റിനും നൊബേല്‍ ലഭിച്ചത്. ആകസ്മിക ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് നിഗമനത്തിലെത്താനുള്ള ശാസ്ത്രീയ തടസങ്ങളെ ഹിതോ ഇംബന്‍സും ജോഷ്വ ആങ്‌റിസ്റ്റും ചേര്‍ന്ന് പരിഹരിച്ചു.
മസാച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ജോഷ്വ ആങ്‌റിസ്റ്റും സ്റ്റാന്‍ഫഡ് സര്‍കലാശാലയിലെ ഹിതോ ഇംബന്‍സും ചേര്‍ന്നായിരിക്കും സമ്മാനത്തുകയുടെ ബാക്കി പകുതി തുക പങ്കിടുക.
മണിക്കൂറുകള്‍ അടിസ്ഥാനമാക്കിയുള്ള മിനിമം വേതന വര്‍ധനവ് തൊഴില്‍ മേഖലയെ ബാധിച്ചിട്ടില്ല, മിനിമം വേതനം കൂട്ടിയാല്‍ തൊഴിലവസരം കുറയുമെന്ന പരമ്പരാഗത ധാരണ തെറ്റാണ്, കുടിയേറ്റം സ്വദേശികളുടെ വേതനം കുറയുന്നതിന് ഇടവരുത്തില്ല എന്നുമായിരുന്നു കാഡ് തന്റെ പഠനത്തിലൂടെ കണ്ടെത്തിയത്.
കുടിയേറ്റം കാരണം സ്വദേശികളുടെ വരുമാനം വര്‍ധിക്കുകയേ ഉള്ളൂവെന്നും കുടിയേറ്റക്കാര്‍ക്ക് മികച്ച ജോലി ലഭിക്കാനുള്ള സാധ്യതയാണ് കുറയുന്നതെന്നും കാഡിന്റെ പഠനം സൂചിപ്പിക്കുന്നു.